ചരിത്ര നേട്ടമായി ബോക്‌സ് ഓഫീസ് യാത്ര തുടങ്ങിയ ദളപതി വിജയ്‌യുടെ 'ലിയോ'യ്‌ക്ക് രണ്ടാം ദിനത്തില്‍ ഗണ്യമായ ഇടിവ്. രണ്ടാം ദിനത്തിന്‍റെ വാട്ടം, മൂന്നാം ദിനത്തില്‍ നികത്തുമെന്നാണ് കണക്കുക്കൂട്ടല്‍. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 64.8 കോടി രൂപയാണ് 'ലിയോ' കലക്‌ട് ചെയ്‌തത്.
ആഗോള തലത്തില്‍ ആദ്യ ദിനം 148.5 കോടി രൂപയും ചിത്രം വാരിക്കൂട്ടി. ഇക്കാര്യം 'ലിയോ' നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം ദിനത്തില്‍ 36 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിനം കൊണ്ട് 'ലിയോ' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ആദ്യ ദിനം 'ലിയോ'യുടെ തമിഴ് പതിപ്പിന് മാത്രം ലഭിച്ചത് 48.96 കോടി രൂപയാണ്. തെലുഗു പതിപ്പിന് 12.9 കോടി രൂപയും, ഹിന്ദി പതിപ്പിന് 2.8 കോടി രൂപയും, കന്നഡ പതിപ്പിന് 14 കോടി രൂപയുമാണ് നേടിയത്. ആകെ 64.8 കോടി രൂപയും ലിയോ ആദ്യ ദിനത്തില്‍ നേടി. രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 36 കോടി രൂപ നേടിയ ചിത്രം, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ രണ്ട് ദിനം കൊണ്ട് 100.80 കോടി രൂപയാണ് ലിയോ സ്വന്തമാക്കിയത്.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടും 'ലിയോ'യെ കുറിച്ചുള്ള മോശം റിവ്യൂകളും, മോശം മൗത്ത് പബ്ലിസിറ്റിയും കാരണമാണ് രണ്ടാം ദിനത്തില്‍ ചിത്രത്തിന് വന്‍ ഇടിവ് നേരിട്ടതെന്ന് പ്രമുഖ ട്രേഡ് അനലിസ്‌റ്റായ മനോബാല വിജയബാലന്‍ വെളിപ്പെടുത്തി. രണ്ടാം ദിന കലക്ഷനില്‍ ആദ്യ ദിന കലക്ഷനില്‍ നിന്നും 44 ശതമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കുറവ് മൂന്നാം ദിനത്തില്‍ നികത്തുമെന്നാണ് കണക്കുക്കൂട്ടല്‍. മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം 38.73 കോടി രൂപ നേടുമെന്നാണ് കണക്കുക്കൂട്ടല്‍.