ജയ്‌പൂര്‍: രാജ്യത്ത് നാരങ്ങയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാരങ്ങ മോഷ്‌ടാക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. പലയിടത്തും നാരങ്ങ കിലോഗ്രാമിന് 400 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കള്ളന്മാർ ചെറുനാരങ്ങ മോഷ്‌ടിക്കാനായി കടകൾ ലക്ഷ്യമിടുന്നത്. നാരങ്ങ മോഷണവുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജയ്‌പൂരിൽ നാരങ്ങ മൊത്തവ്യാപാരിയായ ദീപകില്‍ നിന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഇ-റിക്ഷയിൽ വന്ന് കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യുന്നതും തുടർന്ന് 50 കിലോഗ്രാം നാരങ്ങയുടെ പെട്ടിയുമായി രക്ഷപ്പെടുന്നതും കാണാം. ഇയാള്‍ മുൻപും ഇതേ കട ലക്ഷ്യമിട്ട് നാരങ്ങ മോഷ്‌ടിച്ചതായി പൊലീസ് പറയുന്നു.