ഭരതന്‍, മലയാള സിനിമയില്‍ വിസ്‌മയ സൃഷ്‌ടികളൊരുക്കിയ മഹാപ്രതിഭ. സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകന്‍ തുടങ്ങി പലനിലകളില്‍ മികവുതെളിയിച്ച ചലച്ചിത്രകാരന്‍.
ഭരതന്‍റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് : അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കാല്‍നൂറ്റാണ്ടുകാലത്തെ ചലച്ചിത്ര സപര്യയില്‍ 40 മികവുറ്റ ചിത്രങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് മലയാളത്തിന് ലഭിച്ചത്. പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവുമായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകള്‍. പ്രേക്ഷക മനസില്‍ പ്രണയവും ഗൃഹാതുരതയും വൈകാരിക വിക്ഷോഭങ്ങളുമെല്ലാം നിറച്ച സംവിധായകന്‍. നിറക്കൂട്ടുകളും സംഗീതവും ചാലിച്ചൊരുക്കിയ സിനിമകളുടെ സ്രഷ്‌ടാവ്.
1946 നവംബര്‍ 14ന് പാലിശ്ശേരി പരമേശ്വര മേനോന്‍റെയും കാർത്ത്യായനി അമ്മയുടെയും മകനായി ജനിച്ചു. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍റെ ജ്യേഷ്‌ഠ പുത്രന്‍ കൂടിയായിരുന്നു. പ്രശസ്‌ത നാടക ചലച്ചിത്ര നടി കെ.പി.എ.സി. ലളിത ഭാര്യ ആണ്. നടനും സംവിധായകനുമാണ് മകൻ സിദ്ധാർഥ് ഭരതന്‍.
പ്രചോദനമായി പി.എന്‍ മേനോന്‍ : അമ്മാവനും സംവിധായകനുമായ പി.എന്‍ മേനോന്‍ ആണ് സിനിമയിലേയ്‌ക്കുള്ള അദ്ദേഹത്തിന്‍റെ പ്രചോദനം. പി.എന്‍ മേനോനും വിന്‍സെന്‍റുമായിരുന്നു അദ്ദേഹത്തെ സിനിമയിലേയ്‌ക്ക് കൈ പിടിച്ചുയര്‍ത്തിയത്.
ഭരതന്‍ എന്ന സംഗീത സംവിധായകന്‍ :സംവിധായകന് പുറമെ ഒരു തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. കൂടാതെ അദ്ദേഹത്തിന്‍റെ തന്നെ ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഭരതന്‍ ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തു. ഭരതന്‍റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ് 'കേളി' എന്ന സിനിമയിലെ 'താരം വാൽക്കണ്ണാടി നോക്കി' എന്ന ഗാനം. കൈതപ്രത്തിന്‍റെ ഗാന രചനയില്‍ ഭരതന്‍റെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
'കേളി'യിലെ തന്നെ 'ഓലേലം പാടി' എന്ന ഗാനത്തിനും അദ്ദേഹം സംഗീതം ഒരുക്കി. കൂടാതെ 'ഈണം' എന്ന സിനിമയിലെ 'മാലേയ ലേപനം', 'അമ്പാടിക്കുട്ടാ' എന്നീ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു. 'കാതോട് കാതോരം' എന്ന സിനിമയ്‌ക്ക് വേണ്ടി പ്രശസ്‌ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.
കലാസംവിധായകനായി അരങ്ങേറ്റം: സ്‌കൂള്‍ ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷം, കലാസംവിധായകനായി ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചു. 1972ല്‍ പുറത്തിറങ്ങിയ വിൻസെന്‍റ് ചിത്രം 'ഗന്ധർവ ക്ഷേത്രം' എന്ന സിനിമയിലൂടെ കലാസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമകളില്‍ കലാസംവിധായകനായും സഹ സംവിധായകനായും പ്രവര്‍ത്തിച്ചു.
അരങ്ങേറ്റ ചിത്രത്തിന് ദേശീയ പുരസ്‌കാരം : 1975ല്‍ 'പ്രയാണം' എന്ന ചിത്രം സംവിധാനം ചെയ്‌ത് സ്വതന്ത്ര സംവിധായകനായി. പത്മരാജന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.