ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടത് പാര്‍ട്ടികളുടെ ആഹ്വാനം. ജൂണ്‍ 16 മുതല്‍ക്ക് ജൂണ്‍ 30 വരെയാണ് രണ്ടാഴ്ച നീളുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) -ലിബറേഷൻ എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
also read:ബിജെപി ശിവസേനയെ പരിഗണിച്ചത് അടിമകളായെന്ന് സഞ്ജയ് റാവത്ത്
ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുന്നതിന് പുറമെ, മരുന്നുകളുടേയും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനും ഇതു സംബന്ധിച്ച് പ്രസ്താവനയിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്.
'ഇന്ധന വിലവര്‍ധനവ് രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചുരുങ്ങിയത് 21 തവണയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയത്.
ഇത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധനവിന് കാരണമായി. രാജ്യം സാമ്പത്തിക മാന്ദ്യം , തൊഴിലില്ലായ്മ, തുടങ്ങിയ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ കൂടുതല്‍ ദുരിതം തീര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്'. ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഇടതുപാര്‍ട്ടികള്‍ പ്രതികരിച്ചു.