കേരളം

kerala

ETV Bharat / bharat

ബജറ്റ് 2022: 'ദുരന്തവും വഞ്ചനകളും നിറച്ച ബാഗ്‌', ഇതാര്‍ക്ക് വേണ്ടിയെന്ന് ഇടതുപക്ഷം

മഹാമാരിക്കാലത്ത്‌ തൊഴിലില്ലായ്‌മയും പട്ടിണിയും വര്‍ധിച്ചപ്പോഴും ലാഭം കൊയ്‌ത ധനികരുടെ നികുതി എന്തുകൊണ്ട് ഉയര്‍ത്തുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Left parties say Budget 'anti people'  bag of disasters and deceptions'  union budget 2022  Finance Minister Nirmala Sitaram  Left parties against union budget  Sitaram Yechuri  D.Raju cpi
'ജനദ്രോഹ' ബജറ്റ് 2022- ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണെന്ന് ഇടതുപക്ഷം

By

Published : Feb 1, 2022, 6:39 PM IST

Updated : Feb 1, 2022, 7:01 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ഇടതുപക്ഷം രംഗത്ത്. 'ജനദ്രോഹം', 'ദുരന്തവും വഞ്ചനകളും നിറച്ച ബാഗ്‌' എന്നാണ് കേന്ദ്ര ബജറ്റ് 2022നെ ഇടതുപക്ഷം പരോക്ഷമായി വിമര്‍ശിച്ചത്. കൊവിഡ്‌ മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ ജനങ്ങള്‍ ആശ്വസമേകുന്ന പദ്ധതികളൊന്നും ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ടായിരുന്നില്ല. സമ്പന്നരെ കൂടുതല്‍ സഹായിക്കുന്ന ബജറ്റാണിതെന്നും ഇടതുപക്ഷം വിമര്‍ശിച്ചു.

'ഇത് ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണ്?' - സീതാറാം യെച്ചൂരി

രാജ്യത്തെ 75 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് 10 ശതമാനം വരുന്ന അതിസമ്പന്നരാണ്. താഴെയുള്ള 60 ശതമാനം വരുന്ന ജനങ്ങളുടെ കൈവശമുള്ളത് വെറും അഞ്ച്‌ ശതമാനം സമ്പത്ത്‌ മാത്രമാണ്. മഹാമാരിക്കാലത്ത്‌ തൊഴിലില്ലായ്‌മയും പട്ടിണിയും വര്‍ധിച്ചപ്പോഴും ലാഭം കൊയ്‌ത ധനികരുടെ നികുതി എന്തുകൊണ്ട് ഉയര്‍ത്തുനില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ കഷ്‌ടപ്പെടുമ്പോള്‍ ഭക്ഷണം, പെട്രോളിയം, വളം എന്നിവയ്‌ക്ക് നല്‍കിയിരുന്ന സബ്‌സിഡികള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് ജനദ്രോഹ ബജറ്റാണ്. ജനങ്ങളുടെ ഉപജീവന മാര്‍ഗത്തിന് മേലുള്ള ആക്രമണമാണിതെന്നും യെച്ചൂരി പറഞ്ഞു.

കര്‍ഷകര്‍ക്ക് മേലുള്ള അതിക്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. ഗോതമ്പിനും നെല്ലിനും എംഎസ്‌പി ആയി 2,37 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇത് 2020-21ല്‍ പ്രഖ്യാപിച്ചതിനെക്കാള്‍ കുറവാണ്. കഴിഞ്ഞ തവണ 2.478 ലക്ഷം കോടി രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

രാജ്യത്ത് 20 കോടി ജനങ്ങള്‍ തൊഴില്‍ രഹിതരായി തുടരുകയാണ്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതികളൊന്നും മന്ത്രി ബജറ്റില്‍ പറഞ്ഞിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 73,000 കോടി രൂപയായിരുന്നത് 50,000 കോടിയായി കുറഞ്ഞുവെന്നും യെച്ചൂരി വിമര്‍ശിച്ചു.

'കര്‍ഷകരുടെ നടുവൊടിക്കുന്ന ബജറ്റ്' - ഡി.രാജ

കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള മൊത്തത്തിലുള്ള വിഹിതം 4.26 ശതമാനത്തിൽ നിന്ന് 3.84 ശതമാനമായി കുറഞ്ഞുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. എംഎസ്‌പിയെ കുറിച്ച് ഒരു വാക്കുപോലും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞില്ല. എങ്ങനെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പോകുന്നത്. ഈ ബജറ്റ് തികച്ചും ദുരന്തവും വഞ്ചനകളും നിറഞ്ഞ ഒരു ബാഗാണെന്നും ഡി.രാജ പറഞ്ഞു.

നിയന്ത്രണങ്ങളില്ലാതെ വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകുന്നതിനെയും ഡി.രാജ വിമര്‍ശിച്ചു. 'ദലിതരും പാർശ്വവൽകരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. വിദ്യാഭ്യാസത്തിലെ ഈ അസമത്വത്തിൽ നിന്ന് സമ്പന്നരായ ആളുകൾക്ക് മാത്രമാണ് നേട്ടമുണ്ടാവുക. 2022ലെ ബജറ്റ് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയെയും അസമത്വത്തെയും അഭിസംബോധന ചെയ്‌തിട്ടില്ലെന്നും രാജ വിമര്‍ശിച്ചു. സമ്പന്നര്‍ക്കുള്ള നികുതി, മഹാമാരിക്കാലത്ത് സാധാരണക്കാരന് ആശ്വാസമാകുന്ന ഒരു പദ്ധതിയും 2022 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും രാജ പറഞ്ഞു. സമ്പന്നര്‍ക്ക് വീണ്ടും നേട്ടമുണ്ടാകുന്ന ബജറ്റാണിനെത്തും രാജ പറഞ്ഞു.

Last Updated : Feb 1, 2022, 7:01 PM IST

ABOUT THE AUTHOR

...view details