ന്യൂഡല്‍ഹി: ഡൽഹിയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികൾക്ക് എതിരെ ഇടത്‌സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പൊളിക്കല്‍ നടപടികളിലൂടെ വിനാശകരമായ ബുള്‍ഡോസര്‍ രാഷ്‌ട്രീയം പിന്തുടരുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തര്‍മന്ദറില്‍ നടത്തിയ പ്രകടനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐഎം-എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്‌ണന്‍ ഉള്‍പ്പടെ നൂറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
'ബുൾഡോസർ രാഷ്ട്രീയം': ജന്തര്‍മന്ദറില്‍ ഇടതുസംഘടനകളുടെ പ്രതിഷേധം
സിപിഎം, സിപിഐ, സിപിഐഎം-എല്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുള്‍പ്പടെ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഡൽഹിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന്റെ പേരിൽ ബിജെപിയും ആർഎസ്‌എസും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്ന് ഇടത് നേതാക്കൾ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (SDMC) പരിധിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ചൊവ്വാഴ്‌ച (26 ഏപ്രില്‍ 2022) ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. റോഹിങ്ക്യൻ, ബംഗ്ലാദേശികൾ, സാമൂഹിക വിരുദ്ധർ എന്നിവരുടെ കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്‌ത ഏപ്രിൽ 20ന് സൗത്ത് ഡൽഹി, ഈസ്റ്റ് ഡല്‍ഹി കോർപ്പറേഷനുകളിലെ മേയർമാർക്ക് കത്തെഴുതിയതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ ജഹാംഗീര്‍പുരി മേഖലയില്‍ നടത്തിയ പൊളിക്കല്‍ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രദേശത്തെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലായിരുന്നു മേഖലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.