ന്യൂഡല്‍ഹി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇടത് പാര്‍ട്ടികള്‍. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ തലക്കെട്ടിലാണ് ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രമേയമെത്തിയത്. എന്നാല്‍ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.
വിദേശനയത്തെ എതിര്‍ത്ത്: ഭൂരിപക്ഷവും അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു എന്നത് യുഎസ് സാമ്രാജ്യത്വത്തിന്‍റെ കീഴാള സഖ്യകക്ഷിയായി എന്ന ഇന്ത്യന്‍ വിദേശനയം വെളിവാക്കുന്നതും, യുഎസ്-ഇസ്രയേൽ-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ഏകീകരിക്കാനുള്ള മോദി സർക്കാരിന്‍റെ നടപടികളുമാണ്. ഇത് പലസ്‌തീനിനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണെന്നും സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
2.2 ദശലക്ഷം വരുന്ന പലസ്‌തീനികള്‍ താമസിക്കുന്ന ഗാസയിലെ എല്ലാ ആശയവിനിമയവും വിച്ഛേദിച്ചു. ഐക്യരാഷ്‌ട്ര സഭ ഇങ്ങനെയൊരു പ്രമേയം അംഗീകരിച്ചിട്ടും ഗാസ മുനമ്പിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനായി വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയതായും ഇവര്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.