ന്യൂഡൽഹി:അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്ക്കുമെതിരെ മെയ് 25 മുതൽ 31 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് ഇടതുപാർട്ടികൾ. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പോരാട്ടം ഏകോപിപ്പിക്കാൻ ഇടതുപാർട്ടികൾ രാജ്യത്തുടനീളമുള്ള ഘടകങ്ങൾക്ക് നിർദേശം നൽകിയതായി ശനിയാഴ്‌ച (മെയ് 14) പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.
അനിയന്ത്രിതമായി കുതിച്ചുയരുന്ന വിലക്കയറ്റം ജനങ്ങളുടെ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുന്നു. വർധിച്ചുവരുന്ന പട്ടിണിമൂലം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു.
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം:കഴിഞ്ഞ വർഷം പെട്രോളിയം ഉൽപന്നങ്ങൾക്ക് 70 ശതമാനവും പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയുടെ വില 23 ശതമാനവും ധാന്യങ്ങളുടെ വില 8 ശതമാനവുമാണ് വർധിച്ചതെന്ന് ഇടതുപാർട്ടികൾ ചൂണ്ടിക്കാണിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രധാന ഭക്ഷ്യവിഭവമായ ഗോതമ്പിന്‍റെ വില 14 ശതമാനത്തിലധികമായി കുതിച്ചുയരുന്നത് ജനങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.
ഗോതമ്പ് സംഭരണം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ് കേന്ദ്രസർക്കാർ സംഭരിച്ചത്. ഈ വർഷത്തെ സംഭരണം ലക്ഷ്യം വയ്‌ക്കുന്നത് 44.4 മെട്രിക് ടൺ എന്നാണെന്നിരിക്കെ 20 മെട്രിക് ടൺ പോലും കടക്കില്ല. പെട്രോളിയം ഉൽപന്നങ്ങളുടെയും പാചക വാതക സിലിണ്ടറുകളുടെയും തുടർച്ചയായ വിലവർധനവും ഗോതമ്പിന്‍റെ രൂക്ഷമായ ക്ഷാമവും ഈ മൊത്തത്തിലുള്ള വിലക്കയറ്റത്തെ പിന്‍താങ്ങുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെയും വില കുറയ്‌ക്കണം:എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടെയും സെസ്/സർചാർജുകൾ ഉടൻ പിൻവലിക്കണമെന്നും പാചക വാതക സിലിണ്ടറുകളുടെ വില വർധനവ് പിൻവലിക്കണമെന്നും ഇടത് കക്ഷികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴിയുള്ള ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കണമെന്നും നിലവിലെ വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണമെന്നും അവർ പ്രസ്‌താവനയിൽ പറഞ്ഞു. കൽക്കരി ക്ഷാമം വൈദ്യുതി ചെലവ് വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഇടത് പാർട്ടികൾ ചൂണ്ടിക്കാണിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, സിപിഐ (എം-എൽ) എൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ എന്നിവരാണ് പ്രസ്‌താവനയിൽ ഒപ്പുവച്ചത്.
ആദായനികുതി അടയ്‌ക്കേണ്ടാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം നേരിട്ടുള്ള പണ കൈമാറ്റം 7,500 രൂപയായി വർധിപ്പിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) വിഹിതം വർധിപ്പിക്കുക, തൊഴിൽരഹിതർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര പദ്ധതി നപ്പിലാക്കുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് ഒഴിവുള്ള എല്ലാ തസ്‌തികകളും നികത്തുക മുതലായ ആവശ്യങ്ങളും ഇടത് പാർട്ടികൾ പ്രസ്‌താവനയിലൂടെ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചു.