കേരളം

kerala

By

Published : Dec 19, 2021, 5:44 PM IST

ETV Bharat / bharat

'തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സുസി ഗണേശന്‍'; മീ ടൂ ആരോപണം നേരിടുന്ന തമിഴ്‌ സംവിധായകനെതിരെ ലീന മണിമേഖല

2018ല്‍ മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ലീന മണിമേഖല സുസി ഗണേശനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്

ലീന മണിമേഖല ആരോപണം സുസി ഗണേശന്‍  തമിഴ്‌ സംവിധായകന്‍ മീ ടു ആരോപണം  ലീന മണിമേഖല ട്വിറ്റര്‍  Leena Manimekalai against susi ganesan  leena manimekalai feels unsafe  me too against tamil director latest
'തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സുസി ഗണേശന്‍'; മീ ടൂ ആരോപണം നേരിടുന്ന തമിഴ്‌ സംവിധായകനെതിരെ ലീന മണിമേഖല

ചെന്നൈ: തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല. സുസി ഗണേശന്‍റെ തുടർച്ചയായ പീഡനം മൂലം അരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി സുസി ഗണേശനായിരിയ്ക്കുമെന്നും ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ ലീന മണിമേഖല പറഞ്ഞു.

നടൻ സിദ്ധാർഥ് ഉൾപ്പടെ തനിക്ക് പിന്തുണയുമായെത്തിയവരെ നിശബ്‌ദരാക്കാന്‍ സുസി ഗണേശൻ ശ്രമിച്ചു. ആദ്യം മാനനഷ്‌ടക്കേസിലൂടെയും പിന്നീട് പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാനുള്ള ശ്രമത്തിലൂടെയും സുസി ഗണേശൻ തന്നെ ലക്ഷ്യമിട്ടിരുന്നതായും ലീന ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ പറയുന്നു.

'എന്‍റെ മീ ടൂ ട്വീറ്റിനെ പിന്തുണച്ചതിന് നടൻ സിദ്ധാർഥിനെ സുസി ഗണേശൻ ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് നടി അമല പോള്‍ അയാളുടെ ഇര പിടിയന്‍ സ്വഭാവത്തെ കുറിച്ച് ട്വീറ്റ് ചെയ്‌തപ്പോൾ അയാളും ഭാര്യയും ചേര്‍ന്ന് നടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് അയാള്‍ ആദ്യം എനിക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു, പിന്നീട് എന്‍റെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാന്‍ നിയമം ദുരുപയോഗപ്പെടുത്തി', ലീന പറഞ്ഞു.

ലീനയുടെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ സുസി ഗണേശന്‍റെ 2017ലെ ക്രൈം ത്രില്ലര്‍ ചിത്രം 'തിരുട്ടുപയലേ 2' വിൽ അഭിനയിച്ച നടി അമല പോൾ ലീനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദ്വയാർത്ഥത്തിലുള്ള സംഭാഷണങ്ങള്‍, അനാദരവോടെയുള്ള സ്‌പര്‍ശനങ്ങള്‍, തെറ്റായി അവതരിപ്പിച്ച് കൊണ്ടുള്ള വാഗ്‌ദാനങ്ങള്‍ എന്നിവ സുസി ഗണേശന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്ന് അതേ വർഷം തന്നെ അമല പോള്‍ ആരോപിച്ചിരുന്നു.

Also read: പൊന്നിയന്‍ സെല്‍വനില്‍ വൈരമുത്തു ഉണ്ടാകില്ല, കാരണം മീടു വിവാദം

കനേഡിയൻ യൂണിവേഴ്‌സിറ്റി അഡ്‌മിനിസ്ട്രേഷനും പ്രൊഫസർമാർക്കും തന്‍റെ സ്റ്റുഡന്‍റ് വിസ റദ്ദാക്കാൻ കത്തെഴുതി. ലൈംഗിക ആരോപണം സംബന്ധിച്ച വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും തന്‍റെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്ന ന്യൂസ് എഡിറ്റർമാരെയും ഉപദ്രവിക്കുകയാണ്. സുസി ഗണേശന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് കുടുംബത്തിന് ഭയമുണ്ടെന്നും തന്‍റെ സുരക്ഷയിൽ അവര്‍ ആശങ്കയിലാണെന്നും ലീന പ്രസ്‌താവനയില്‍ പറയുന്നു.

മീ ടൂ കാലത്ത് തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ലീന മണിമേഖല പങ്കുവച്ച പോസ്റ്റുകൾ പൊതുജനങ്ങളുടെ കണ്ണിൽ തന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ഐപിസി സെക്ഷൻ 500 പ്രകാരം തന്നെ അപകീർത്തികരമാണെന്നും ആരോപിച്ച് സുസി ഗണേശൻ ലീനയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

എന്നാല്‍ ലീനയുടെ പാസ്‌പോർട്ട് കണ്ടുകെട്ടിയ റീജിണൽ പാസ്‌പോർട്ട് അതോറിറ്റിയുടെ ഉത്തരവ് ഡിസംബര്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും യാത്രാ രേഖകൾ ഒരാഴ്‌ചക്കകം അവർക്ക് തിരികെ നൽകണമെന്ന് നിർദേശിക്കുകയും ചെയ്‌തു. മാനനഷ്‌ടക്കേസ് നിലനിൽക്കുന്ന ഒരു കീഴ്‌ക്കോടതിയിൽ ഹാജരായി വിചാരണ പൂർത്തിയാക്കാൻ സഹകരിക്കണമെന്നും കോടതി ലീനയോട് നിര്‍ദേശിച്ചിരുന്നു.

2005ല്‍ ഒരു ടിവി ചാനലിന് വേണ്ടി സുസി ഗണേശനെ ലീന മണിമേഖല ഇന്‍റര്‍വ്യൂ ചെയ്‌തിരുന്നു. ഇതിന് ശേഷം കാറില്‍ ലീനയെ വീട്ടില്‍ തിരികെയാക്കാമെന്ന് വാഗ്‌ദാനം നല്‍കിയ സുസി ഗണേശന്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ലീനയുടെ ആരോപണം.

2017ല്‍ ഫെബ്രുവരിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും പേര് പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് 2018ല്‍ മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ലീന സുസി ഗണേശനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്.

ABOUT THE AUTHOR

...view details