കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യയുടെ വന്‍ വാഹന വ്യൂഹം നീങ്ങുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കീവില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് നഗരം വിടാന്‍ നിര്‍ദേശിച്ച് യുക്രൈനിലെ ഇന്ത്യന്‍ എംബസി. സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്.
'വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് തന്നെ അടിയന്തരമായി കീവ് വിടണമെന്ന് നിർദേശിക്കുന്നു. ട്രെയിനോ മറ്റേതെങ്കിലും മാർഗമോ ഉപയോഗിക്കാം' - എംബസി ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Also read: ബെലാറുസ് ചര്‍ച്ചയ്‌ക്കിടെ കീവിലും ഖാര്‍കീവിലും ഷെല്ലാക്രമണം ; 40 മൈൽ നീളത്തില്‍ റഷ്യന്‍ ടാങ്കുകള്‍
കീവിന്‍റെ വടക്ക് ഭാഗത്തായി 40 മൈൽ വരെ നീണ്ടുകിടക്കുന്ന റഷ്യൻ സേനയുടെ വാഹനവ്യൂഹത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ടിരുന്നു. കീവിന്‍റെ മധ്യഭാഗത്ത് നിന്ന് 17 മൈൽ (25 കിലോമീറ്റർ) അകലെയായി ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങി വിപുലമായ വ്യൂഹത്തിന്‍റെ ദൃശ്യമാണ് ചിത്രത്തിലുള്ളത്.
അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ ഏഴ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് എത്തുമെന്നാണ് വിവരം. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്ര മന്ത്രിമാരെ യുക്രൈന്‍റെ അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.