ന്യൂഡൽഹി : അന്താരാഷ്‌ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്കുള്ള ആദ്യ ഏഷ്യൻ പുരുഷ നോമിനിയായി ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് (International Tennis Hall of Fame in the player category). 2024 വർഷത്തേക്കുള്ള കളിക്കാരുടെ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആറ് താരങ്ങളിൽ ഒരാളാണ് 50-കാരനായ പേസ്. കാര ബ്ലാക്ക്, അന ഇവനോവിച്ച്, കാർലോസ് മോയ, ഡാനിയൽ നെസ്‌റ്റർ, ഫ്ലാവിയ പെന്നേറ്റ എന്നിവരാണ് പേസിനൊപ്പം അഭിമാന പുരസ്‌കാരത്തിന്‍റെ അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് (Leander Paes nominated as a player to the International Tennis Hall of Fame).
2019-ൽ ഹാൾ ഓഫ് ഫെയിമിലേക്ക് (ITHF) നാമനിർദേശം ചെയ്യപ്പട്ട ചൈനീസ് വനിത താരം ലീ നയാണ് ഈ ബഹുമതി തേടിയെത്തിയ ആദ്യ ഏഷ്യൻ താരം. സിംഗിൾസ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ലീ ന കിരീടം നേടിയിരുന്നു.
'ടെന്നീസ് ഹാൾ ഓഫ് ഫെയിം പ്ലെയർ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷന്‍ എന്നതിൽ അഭിമാനമുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം രാജ്യത്തെ 1.3 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിലും ഡേവിസ് കപ്പിലും ടെന്നീസ് കളിച്ചു. ഇപ്പോൾ എന്‍റെ കഠിനാധ്വാനത്തിന് തക്കതായ അംഗീകാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്‍റെ മാതാപിതാക്കളോടും സഹോദരങ്ങളോടും പരിശീലകരോടും ഡേവിസ് കപ്പ് ക്യാപ്‌റ്റൻമാരോടും കരിയറിലിതുവരെ പിന്തുണ നൽകിയവർക്കും ഞാൻ നന്ദി അറിയിക്കുന്നു', പേസ് പറഞ്ഞു.
'ടെന്നീസ് എന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. ലോകമെമ്പാടുമുള്ള എല്ലാ കൊച്ചുകുട്ടികൾക്കും ഈ നോമിനേഷൻ പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുകയും നിങ്ങളുടെ കഴിവിൽ വിശ്വാസവും അർപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കും ഒരു ജേതാവാകാം...' ലിയാണ്ടർ പേസ് കൂട്ടിച്ചേർത്തു.