ന്യൂഡല്‍ഹി : രാജ്യം എഴുപത്തി രണ്ടാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രമുഖർ ആശംസകള്‍ അർപ്പിച്ചു. ഭരണ ഘടനയോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ തത്വങ്ങളിലധിഷ്ഠിതമായ പ്രവർത്തനം ഉറപ്പുവരുത്തണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ വൈവിധ്യത്തിന്‍റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും പ്രതീകമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ മികച്ച ഭരണഘടന നടപ്പില്‍ വരുത്തിയ എല്ലാവരെയും സ്മരിക്കുന്നു. ഇന്ത്യയെ കാത്തുസൂക്ഷിക്കുന്ന ധീരന്‍മാരെ അഭിവാദ്യം ചെയ്യുന്നതായും അമിത്ഷാ പറഞ്ഞു.
കർഷകരെയും കൊവിഡ് യോദ്ധാക്കളെയും രാജ്യത്തെ സൈനികരെയും അഭിവാദ്യം ചെയ്യുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ ഐക്യവും ആത്മവീര്യവും പ്രകടമായ വർഷമാണ് കടന്നുപോയത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും പോരാടുന്നത് നമ്മള്‍ കണ്ടു. ഈ പ്രവർത്തകരെ ഇന്ത്യന്‍ ജനത അഭിവാദ്യം ചെയ്യുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നത് ജനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷകരാവട്ടെ സ്ത്രീകളാവട്ടെ ബിസിനസുകാരാവട്ടെ, എല്ലാവരുടെയുമാണ് ഈ ദിനമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.