ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അങ്ങനെയൊരാളെ നഷ്‌ടപ്പെട്ടതിന്‍റെ വേദന എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
അമിത്‌ഷായ്‌ക്ക് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ദിഗ്‌വിജയ് സിങ്, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഹീരാബെന്നിന് ആദരാഞ്ജലികള്‍ നേര്‍ന്നു. പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരാളുടെ ജീവിതത്തിൽ നികത്താൻ കഴിയാത്ത ശൂന്യതയാണ് അമ്മയുടെ മരണം അവശേഷിപ്പിക്കുകയെന്ന് അദ്ദേഹം ട്വീറ്റുചെയ്‌തു.
'മഹാമനസ്‌കതയുടെ പ്രതിരൂപം':'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്‍റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും എന്‍റെ അഗാധമായ അനുശോചനവും സ്നേഹവും അറിയിക്കുന്നു.' - രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. മഹാമനസ്‌കത, ലാളിത്യം, കഠിനാധ്വാനം, ഉന്നത ജീവിതമൂല്യങ്ങൾ എന്നിവയുടെ പ്രതിരൂപമായാരുന്നു ഹീരാബെന്‍ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുസ്‌മരിച്ചു. 'ഒരു മകനെ സംബന്ധിച്ചിടത്തോളം അമ്മയാണ് ലോകം. അമ്മയുടെ മരണം ഒരു മകന് ഉള്‍ക്കൊള്ളാനും നികത്താനുമാവാത്ത നഷ്‌ടമാണ്'. - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന കുറിപ്പില്‍ പറഞ്ഞു.
ALSO READ|പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു; മഹത്തായ ഒരു നൂറ്റാണ്ട് സര്‍വേശ്വരന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്ന് മോദി
രാജ്യത്തിന് ഏറ്റവും വിലപ്പെട്ട വജ്രം നൽകിയ സ്നേഹനിധിയായ അമ്മയാണ് ഹീരാബെന്‍. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്നും നിയമമന്ത്രി കിരൺ റിജിജു അനുശോചിച്ചു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. 'അമ്മയുടെ ദുഃഖകരമായ വിയോഗത്തിൽ നരേന്ദ്ര മോദിജിക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ' - അദ്ദേഹം ആദരാഞ്ജലികള്‍ നേര്‍ന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. ദൈവത്തിന്‍റെ സൃഷ്‌ടിയിൽ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പോലെ അമൂല്യവും വിവരണാതീതവുമായ മറ്റൊന്നില്ല. ഹീരാബെന്നിന്‍റെ ആത്‌മാവിന് നിത്യാശാന്തി ലഭിക്കട്ടേയെന്നും നായിഡു നേര്‍ന്നു.
അന്ത്യം ഇന്ന് പുലര്‍ച്ചെ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇന്ന് (ഡിസംബര്‍ 30) പുലർച്ചെ 3.30നാണ് അന്ത്യം സംഭവിച്ചത്.
'മഹത്തായ ഒരു നൂറ്റാണ്ട്, സര്‍വേശ്വരന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയര്‍പ്പിച്ച ജീവിതവുമുള്ള ത്രിമൂര്‍ത്തിയായി അമ്മയെ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയുടെ നൂറാം ജന്മദിനത്തിൽ ഞാൻ ചെന്നുകണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓര്‍ക്കാറുണ്ട്. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.' - മാതാവിന്‍റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്‌തു.
വിലപായാത്രയില്‍ പങ്കെടുത്ത് മോദി:അമ്മയെ മോദി, ബുധനാഴ്‌ച (ഡിസംബര്‍ 28) ആശുപത്രിയിലെത്തി കണ്ടിരുന്നു. ഒരു മണിക്കൂറോളമാണ് അദ്ദേഹം അന്ന് മാതാവിനൊപ്പം ചെലവഴിച്ചത്. മിക്ക ഗുജറാത്ത് സന്ദർശന വേളകളിലും പ്രധാനമന്ത്രി ഹീരാബെന്നിനെ സന്ദർശിച്ചിരുന്നു. അതേസമയം, അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലെത്തി വിലാപയാത്രയില്‍ പങ്കുചേര്‍ന്നു.