ഹൈദരാബാദ്: കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നു ( Leaders resigned from Congress). മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ എംപിയുമായ മിലിന്ദ് ദേവ്‌റയുടേതാണ് കോൺഗ്രസിലെ ഏറ്റവും പുതിയ രാജി (Milind Deora deserted from Congress). ഇന്ന് രാവിലെയാണ് എക്‌സിലൂടെ മിലിന്ദ് ദേവ്‌റ രാജി പ്രഖ്യാപിച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുകയായിരുന്നു.
മുൻ കേന്ദ്രമന്ത്രിയും ദക്ഷിണ മുംബൈയിൽ സ്വാധീനമുള്ള കോൺഗ്രസ് നേതാവുമായ അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട മിലിന്ദ് 2012-14 ൽ കമ്മ്യൂണിക്കേഷൻസ് ആന്‍റ് ഇൻഫർമേഷൻ ആന്‍റ് ടെക്നോളജി സഹമന്ത്രിയായിരുന്നു. കോൺഗ്രസിന്‍റെ ഭാരത് ജോഡോ ന്യായ് യാത്ര (Bharat Jodo Nyay Yatra) തുടങ്ങുന്ന അതേ ദിവസം തന്നെ ഉണ്ടായ രാജി പ്രഖ്യാപനം പാർട്ടിയ്‌ക്ക് വലിയ തിരിച്ചടിയായിരിയ്‌ക്കുകയാണ്.
തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന അധ്യായം അവസാനിക്കുകയാണെന്നും പാര്‍ട്ടി അംഗത്വം താന്‍ രാജിവയ്ക്കുകയാണെന്നും എക്‌സിലൂടെയാണ് മിലിന്ദ് ദേവ്‌റ അറിയിച്ചത്. പാര്‍ട്ടിയുമായി തന്‍റെ കുടുംബത്തിനുള്ള അഞ്ചര പതിറ്റാണ്ട് കാലത്തെ ബന്ധം ഇവിടെ ഉപേക്ഷിക്കുന്നതായും, തനിക്ക് വര്‍ഷങ്ങളായി പിന്തുണ നല്‍കിയ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.