ചണ്ഡിഗഡ് : പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പഞ്ചാബ് പൊലീസ്. പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘമാണെന്നും ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു.
മിദ്ദുഖേര കൊലക്കേസിൽ നിലവിൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന, സിദ്ദുവിന്‍റെ മുൻ മാനേജരുടെ പേര് ഉൾപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് പഞ്ചാബ് ഡിജിപി വിരേഷ് കുമാർ ഭാവ്ര പറഞ്ഞു. പഞ്ചാബ് മാൻസയിലെ ജവഹർകേയിലെയിൽ വച്ചാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെ, കാറിൽ പോകുകയായിരുന്ന സിദ്ദുവിനെ എതിരെ വന്ന രണ്ട് വാഹനങ്ങളിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു.
സിദ്ദു തന്നെയാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് നാല് കമാൻഡോകളുടെ സുരക്ഷ ഉണ്ടായിരുന്നെങ്കിലും പഞ്ചാബിലെ ഘലുഘരാ ദിനത്തെ തുടർന്ന് രണ്ട് കമാൻഡോകളെ എഎപി സര്‍ക്കാര്‍ പിൻവലിച്ചിരുന്നു. സുരക്ഷാച്ചുമതല ഉണ്ടായിരുന്ന മറ്റ് രണ്ട് കമാൻഡോകളെ സിദ്ദു കൂടെക്കൂട്ടിയിരുന്നില്ല. സിദ്ദു മൂസേവാലക്ക് സ്വകാര്യ ബുള്ളറ്റ് പ്രൂഫ് വാഹനമുണ്ടായിരുന്നെങ്കിലും അത് എടുത്തിരുന്നില്ലെന്ന് ഡിജിപി വിരേഷ് ഭാവ്ര പറഞ്ഞു.
Also Read: പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു, ദാരുണ സംഭവം സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ
സംഭവത്തിൽ ഐജി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 30ഓളം ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. 9 എംഎം, 455 തുടങ്ങി വ്യത്യസ്‌ത തോക്കുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമത്തെ അപലപിച്ച് നേതാക്കൾ : ആക്രമണത്തെ അപലപിച്ച് രാഷ്‌ട്രീയ നേതാക്കൾ രംഗത്തെത്തി. മരണത്തിന് ഉത്തരവാദി ആംആദ്‌മി സർക്കാരെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംഭവത്തില്‍ രാഹുൽ ഗാന്ധി ഞെട്ടൽ രേഖപ്പെടുത്തി. സിദ്ദുവിന്‍റെ കൊലപാതകത്തിൽ ബിജെപി വക്താവ് സംബിത് പത്ര ആം ആദ്‌മി സർക്കാരിനെതിരെ തിരിഞ്ഞു.
അരവിന്ദ് കെജ്‌രിവാളും രാഘവ് ഛദ്ദയും ഡൽഹിയിൽ ഇരുന്നുകൊണ്ട് പഞ്ചാബ് ഭരിക്കുകയാണ്. സിദ്ദുവിന്‍റെ സുരക്ഷ കുറച്ചതിന് പഞ്ചാബ് സർക്കാർ വിശദീകരണം നൽകണമെന്നും സംബിത് പത്ര പറഞ്ഞു. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ക്യാപ്റ്റൻ അമരീന്ദര്‍ സിങ് ആരോപിച്ചു. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് അകാലിദൾ ആഞ്ഞടിച്ചു.
മിദ്ദുഖേര കൊലക്കേസ് :വിക്കി മിദ്ദുഖേര എന്ന പേരിൽ അറിയപ്പെട്ടിരുന്ന യുവ അകാലിദൾ നേതാവായിരുന്ന വിക്രംജിത് സിങ് മിദ്ദുഖേര 2021 ഓഗസ്റ്റ് 7നാണ് വെടിയേറ്റ് മരിക്കുന്നത്. സിദ്ദു മൂസേവാലയുടെ മാനേജർ ഷഗുൻപ്രീത് സിങ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്താൻ കൗശൽ സംഘത്തിലെ അംഗങ്ങളെ വാടകയ്‌ക്കെടുത്തതായി ആരോപണമുണ്ട്. കേസിൽ തന്‍റെ പേര് ഉയർന്നുവന്നതിനെ തുടർന്ന് ഷഗുൻപ്രീത് രാജ്യം വിട്ടിരുന്നു.
വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിൽ മൂസേവാലയും ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിനെതിരെ പഞ്ചാബ് പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ബ്രാർ എന്ന സതീന്ദർ സിങ് ആരോപിച്ചിരുന്നു. തങ്ങളുടെ കൂട്ടാളിയായ അങ്കിത് ഭാദുവിന്‍റെ ഏറ്റുമുട്ടലിലും മൂസേവാലയ്ക്ക് പങ്കുണ്ടെന്നും ഗായകന്‍ തങ്ങൾക്കെതിരെ പ്രവർത്തിക്കുകയായിരുന്നുവെന്നും ഗോൾഡി ബ്രാർ ആക്ഷേപിച്ചിരുന്നു.