ഹൈദരാബാദ് (തെലങ്കാന): ബിജെപി വക്താവ് നുപുർ ശർമയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് ഉചിതമായ വേദിയിൽ പ്രശ്‌നം ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി കിരൺ റിജിജു. നുപുർ ശർമക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കിരൺ റിജിജുവിന്‍റെ പ്രഖ്യാപനം. നിയമ മന്ത്രി എന്ന നിലയിൽ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധിയേയും നിരീക്ഷണത്തേയും കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് നേരിട്ട് അഭിപ്രായമോ പരാമർശമോ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്കാണ് നയിച്ചത്. ഉദയ്‌പൂരിലെ കനയ്യലാലിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്. പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
വില കുറഞ്ഞ പ്രശസ്‌തിയോ, രാഷ്ട്രീയ അജണ്ടയോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ഗൂഢ ലക്ഷ്യമോ ആണ് പ്രസ്‌താവനയ്‌ക്ക് പിന്നിലെന്നും ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി. തനിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.