ന്യൂഡൽഹി : പോക്‌സോ നിയമ പ്രകാരം (POCSO Act) ലൈംഗിക ബന്ധത്തിന് സമ്മതം നൽകുന്ന പ്രായപരിധി (age of consent) 18ൽ നിന്ന് കുറയ്‌ക്കുന്നതിനെ എതിർത്ത് നിയമ കമ്മിഷൻ (Law Commission). 16 വയസിനും 18 വയസിനും ഇടയിലുള്ളവർ പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിൽ കുറ്റകരമാണ്. എന്നാൽ ഇത്തരത്തിൽ കുട്ടികളുടെ മൗനാനുവാദത്തോടെയുള്ള കേസുകളിൽ ശിക്ഷ വിധിക്കുമ്പോൾ ന്യായാധിപന് വിവേചനാധികാരം ഉപയോഗിക്കാമെന്ന് നിയമ കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി (Law Commission Opposes Changing Age OF Consent).
അതേസമയം, ഇത്തരം കേസുകളിൽ കൗമാരക്കാർക്ക് നിയമത്തിന്‍റെ ഉയർന്ന പരിരക്ഷ നൽകേണ്ടതുണ്ട്. ഇന്ത്യയിൽ പോക്‌സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് സമ്മതം കൊടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ മൗനസമ്മതത്തോടെ (tacit approval) ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും അത് കുറ്റകരമാണെന്നിരിക്കെ ഇത്തരം കേസുകൾ മറ്റ് കേസുകളുടെ അതേ തീവ്രതയിൽ പരിഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാല നീതി സംരക്ഷണ നിയമത്തിൽ ഭേദഗതി (amendments) കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ ആവശ്യപ്പെട്ടു.
ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് സമ്മതം നൽകുന്ന പ്രായം 18ൽ നിന്ന് കുറയ്‌ക്കുന്നത് ശൈശവ വിവാഹത്തിനും ബാലക്കടത്തിനും (child marriage and child trafficking) എതിരായ നിയമ പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ കമ്മിഷൻ ചൂണ്ടിക്കാട്ടി.