ന്യൂഡൽഹി :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം അന്തിമമാക്കാനൊരുങ്ങി നിയമ കമ്മിഷൻ (Law commission decision on One Nation One Election). ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെയും സാമൂഹിക പ്രവർത്തകരുടെയും എതിര്‍പ്പുകള്‍ക്കൊടുവില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്ന വിഷയത്തിൽ തീരുമാനമെടുക്കാനൊരുങ്ങി ലോ കമ്മിഷൻ ഓഫ് ഇന്ത്യ.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെകുറിച്ചും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് കീഴിലുള്ള സമ്മതത്തിന്‍റെ കുറഞ്ഞ പ്രായ പരിധി (പോക്‌സോ) എന്നീ നിയമങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയും എഫ്‌ഐആർ ഓൺലൈനായി ഫയൽ ചെയ്യുന്നതിനായും ജസ്റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ കമ്മിഷൻ ഇന്ന് ഡൽഹിയിൽ എല്ലാ അംഗങ്ങളുമായും കൂടിക്കാഴ്‌ച നടത്തും.
ഈ വിഷയങ്ങളിൽ ശുപാർശകൾ അന്തിമമാക്കിയ ശേഷം 22-ാമത് നിയമ കമ്മിഷൻ അതിന്‍റെ റിപ്പോർട്ടുകൾ നിയമ-നീതി മന്ത്രാലയത്തിന് അയയ്ക്കും. കഴിഞ്ഞയാഴ്‌ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ കമ്മിറ്റിയുടെ ആദ്യ യോഗം ന്യൂഡൽഹിയിൽ നടന്നിരുന്നു.
ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനും പരിശോധിക്കുന്നതുമായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ കെ സിങ്, മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവര്‍ ആദ്യ യോഗത്തിൽ പങ്കെടുത്തിരുന്നു.