ഒഡീഷ: നമ്മുടെ അടുക്കളകളിലെ സ്ഥിര സാനിധ്യമായ കുമ്പളങ്ങ കൊണ്ട് മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങൾ നിർമിക്കാനാകുമോ... ആകും. ദക്ഷിണ ഒഡീഷയിൽ നിന്നുള്ള ആദിവാസി ജനങ്ങള്‍ മരങ്ങള്‍, മേശ വിളക്കുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ അങ്ങനെ നിരവധി മനോഹരവും ആകര്‍ഷകവുമായ രൂപങ്ങളാണ് കുമ്പളങ്ങയിൽ നിന്നും നിർമിക്കുന്നത്. “ലാവ് തുമ്പകള്‍'' എന്നറിയപ്പെടുന്ന കുമ്പളങ്ങകൾ ഇവിടുത്തെ ജനങ്ങളുടെ വിശ്വാസ പ്രകാരം ഭക്ഷ്യയോഗ്യമല്ല. എന്നാൽ ഇവരുടെ ചുറ്റുപാടും ഇത് ധാരാളമായി വളരുന്ന ഒന്നാണ്. അതിനാൽ അവരിൽ ഒട്ടുമിക്ക ജനങ്ങങ്ങളും കുമ്പളങ്ങയുടെ ഉൾഭാഗം കളഞ്ഞ് അവ വെയിലത്ത് വെച്ച് ഉണക്കി സാധനങ്ങൾ സൂക്ഷിക്കാനുള്ള പാത്രങ്ങളായി ഉപയോഗിക്കാറുണ്ട്.
കീടങ്ങളൊന്നും ഉപദ്രവിക്കാത്ത ഈ പാത്രങ്ങള്‍ ആദിവാസി ജനങ്ങൾ വിത്തുകള്‍ സൂക്ഷിക്കുവാൻ ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇതിൽ നിന്നും വിവിധ കരകൗസല വസ്തുക്കളും സംഗീത ഉപകരണങ്ങളും ഇവർ നിര്‍മിക്കുന്നത്. എന്നാല്‍ കാലത്തിന് അനുസരിച്ച് സമൂഹം മാറുന്നതുപോലെ ഈ ''ലാവ് തുമ്പ"കളും ഈ നാട്ടിലെ മുഖ്യധാരയിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടുണ്ട്. റായഗഡ പട്ടണത്തിലെ കരകൗശല വിദഗ്‌ദനായ ഹിമാന്‍ഷു ശേഖര്‍ പാണ്ഡ്യ ഈ ലാവ് തുമ്പകളെ പുതിയ തലമുറക്കും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹിമാന്‍ഷു വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ജീവനുറ്റ രൂപങ്ങള്‍ കുമ്പളങ്ങയിൽ ഒരുക്കിയെടുത്ത് അവയ്ക്ക് നിറങ്ങള്‍ നൽകി മനോഹരമാക്കുന്നു. ഇവ വില്‍ക്കുന്നതിലൂടെ അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുവെന്ന് മാത്രമല്ല പുതിയ തലമുറയിലെ ഒട്ടേറെ യുവാക്കളെ പരിശീലിപ്പിച്ച് ഒരു ഉപജീവനമാര്‍ഗമാക്കി മാറ്റുവാനും അദ്ദേഹത്തിന് സാധിക്കുന്നു.