ഗുവഹത്തി:ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. നാഗാലാൻഡില്‍ ബിജെപി മുന്നിലാണ്. മേഘാലയയില്‍ എൻപിപിയാണ് മുന്നില്‍. ബിജെപിയും തൃണമൂല്‍ കോൺഗ്രസും തൊട്ടുപിന്നിലുണ്ട്. ത്രിപുരയില്‍ ബിജെപി മുന്നിലാണെങ്കിലും തിപ്രമോതയും ഇടത്-കോൺഗ്രസ് സഖ്യവും ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. അതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തില്‍ ഡിഎംകെ സഖ്യ സ്ഥാനാർഥി കോൺഗ്രസിലെ ഇവികെഎസ് ഇളങ്കോവൻ 10000 വോട്ടുകൾക്ക് മുന്നിലാണ്.
നാഗാ മണ്ണില്‍ ബിജെപി: നാഗാലാൻഡില്‍ 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി സഖ്യമാണ് ഇപ്പോൾ മുന്നിലുള്ളത്. എൻപിഎഫ് ആറ്, മറ്റുള്ളവർ നാല് എന്നിങ്ങനെയാണ് രാവിലെ ഒൻപതര വരെ വോട്ടെണ്ണുമ്പോഴുള്ള ഫല സൂചന.
അപ്രതീക്ഷിതം തൃണമൂല്‍:59 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്ന മേഘാലയയില്‍ എൻപിപി 20 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബിജെപി എട്ട് മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നിലെത്താൻ കഴിഞ്ഞത്. മേഘാലയയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ തൃണമൂല്‍ കോൺഗ്രസ് 16 സീറ്റില്‍ മുന്നിലുള്ളപ്പോൾ 15 സീറ്റുകളില്‍ മറ്റുള്ളവർ മുന്നിലുണ്ട്.
ത്രിപുര തിരിച്ചുപിടിക്കുമോ ഇടത് സഖ്യം:60 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ത്രിപുരയില്‍ രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ ബിജെപി ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ ഒൻപരയോടെ ഫലസൂചനകളില്‍ മാറ്റമുണ്ടായി. 36 സീറ്റുകളുമായി ബിജെപി മുന്നിലാണെങ്കിലും ഇടത് കോൺഗ്രസ് സഖ്യം 14 സീറ്റുകളും തിപ്രമോത 10 സീറ്റുകളിലും മുന്നിലുണ്ട്.