മുംബൈ :ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് വിട നല്‍കി രാജ്യം. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. വൈകിട്ട് ആറേകാലിന് ശിവാജി പാര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൗതികശരീരത്തിൽ പുഷ്‌പചക്രം സമര്‍പ്പിച്ചു.
ALSO READ:"ലത മങ്കേഷ്‌ക്കറിന്‍റെ സ്വരമാധുര്യം ജനഹൃദയങ്ങളെ ഇനിയും ഭരിക്കും" പാക് മന്ത്രി ഹവാദ് ചൗധരി
പ്രമുഖരും സാധാരണക്കാരുമായ ആയിരക്കണക്കിനാളുകളാണ് സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സ്ഥലത്ത് തമ്പടിച്ചിരുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ, ആശ ഭോസ്‌ലെ, സച്ചിൻ ടെണ്ടുൽക്കർ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
വൈകിട്ട് അഞ്ചേമുക്കാലോടെയാണ് വിലാപയാത്രയായി മൃതദേഹം ശിവാജി പാർക്കിലെത്തിച്ചത്. വഴിയിലുടനീളം ജനങ്ങള്‍ ഭൗതിക ദേഹം അവസാനമായി ഒരു നോക്കുകാണാന്‍ കാത്തിരുന്നു. പ്രിയ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യം രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും.
കൊവിഡും ന്യുമോണിയയും ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി എട്ടുമുതല്‍ ലത മങ്കേഷ്‌കര്‍ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച രാവിലെ 8.12നായിരുന്നു വിയോഗം.