ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ഡിഫന്‍സ് ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിടനല്‍കി. തലസ്ഥാനത്തെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലാണ് രാജ്യം ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യവിശ്രമം ഒരുക്കിയത്. പൂര്‍ണ സൈനിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം.
Also Read: ബിപിൻ റാവത്തിന്‍റെ പിൻഗാമി എം എം നരവനെ? പ്രഖ്യാപനം ഇന്നുണ്ടായേക്കും
എം പി മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സൈനിക അര്‍ധ സൈനിക പൊലീസ് സേനാംഗങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. ആയിരങ്ങളാണ് റോഡരികില്‍ റാവത്തിനെ കാണാനായി തടിച്ചുകൂടിയത്. കുടുംബത്തോടൊപ്പം രാജ്യത്ത് എല്ലാ സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരും അന്തിമോപചാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.
ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്ന് ജനറൽ റാവത്തും (63), ഭാര്യ മധുലിക റാവത്തും മറ്റ് 11 പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. അപകട ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് മൂന്ന് മണിയോടെയാണ് വിലാപയാത്ര തുടങ്ങിയത്. വീട്ടില്‍ എത്തിച്ച മൃതദേഹത്തില്‍ റാവത്തിന്‍റെ മക്കളായ കൃതിക, തരിണി എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗത ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ നടത്തി. ശേഷമാണ് ഇരുവരുടേയും ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലേക്ക് തിരിച്ചത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ ജനറൽ റാവത്തിന്‍റെയും ഭാര്യയുടെയും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.