ഹൈദരാബാദ് :സീനിയര്‍ വിദ്യാര്‍ഥിയുടെ പീഡനത്തെ തുടര്‍ന്ന് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയവേ ഇന്നലെ(26.02.2023) മരണപ്പെട്ട നൈസാംസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍യിലെ(നിംസ്) പിജി മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രീതി ധാരവത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്(27.02.2022) ജന്‍ങ്കാവില്‍ നടന്നു. ഇന്ന് രാവിലെയാണ് ഭൗതിക ശരീരം ജന്‍ങ്കാവിലെ വീട്ടില്‍ എത്തിച്ചത്.
പ്രീതി ധാരവത്തിന്‍റെ മരണം ഇന്നലെ ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുടെ ബന്ധുക്കളും, രാഷ്‌ട്രീയ നേതാക്കളും നിംസില്‍ പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി 22നാണ് പ്രീതി ധാരവത്ത് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒരു സീനിയര്‍ വിദ്യാര്‍ഥി പ്രീതി ധാരവത്തിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
പ്രീതിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരണം അങ്ങേയറ്റം വേദനാജനകമാണെന്നും തെലങ്കാന സര്‍ക്കാര്‍ പ്രീതിയുടെ കുടുംബത്തോടൊപ്പം നിലയുറപ്പിക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എറബെല്ലി ദയാകര്‍ റാവു ഞായറാഴ്‌ച രാത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയതായും എറബെല്ലി ദയാകര്‍ റാവു വ്യക്തമാക്കി.