ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി സർക്കാരിനെ കുരുക്കിലാക്കി ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ ഭീഷണി കത്ത്. ലഖ്‌നൗവും വാരണാസിയും ഉൾപ്പെടെ സംസ്ഥാനത്തെ 46 റെയിൽവേ സ്‌റ്റേഷനുകൾ തകർക്കുമെന്നാണ് ലഷ്‌കർ ഇ ത്വയ്ബ ഏരിയ കമാൻഡറുടെ ഭീഷണി. സ്‌ഫോടനം ഒഴിവാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ:യു.പിയില്‍ പെൺകുട്ടികൾക്ക് ഇരുചക്ര വാഹനവും സ്‌മാർട്ട്‌ഫോണും, വാഗ്‌ദാനവുമായി കോൺഗ്രസ്
ഭീഷണി കത്ത് ലഭിച്ചതോടെ റെയിൽവേ വകുപ്പ് അതീവ ജാഗ്രതയിലാണ്. ജിആർപിയും ആർപിഎഫും ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്‌റ്റേഷനിലും ലഖ്‌നൗ ജങ്‌ഷനിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ഭീഷണി നേരിടുന്നത് ഇതാദ്യമല്ലെന്നും നേരത്തെയും സ്‌റ്റേഷനുകൾ തകര്‍ക്കുമെന്ന് ഭീഷണികളുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
എന്നിരുന്നാലും ഭീഷണി ഗൗരവമായി എടുത്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥർ സജ്ജമാണ്. തീവ്രവാദ സംഘടനയുടെ ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് റെയിൽവേ സ്‌റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റെയിൽവേ ഡിപ്പാർട്ട്‌മെന്‍റ്, ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർക്ക് സ്‌റ്റേഷനുകളിൽ സംശയാസ്‌പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ അക്കാര്യം ഉടൻ കൺട്രോൾ റൂമിൽ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജിആർപിയുടെയും ആർപിഎഫിന്‍റെയും സൈനികർക്കൊപ്പം ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്‌റ്റേഷനിൽ മാത്രമല്ല പരിസരത്തും പട്രോളിങ് നടത്താൻ സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ALSO READ:'വീട്ടില്‍ താമസിക്കാന്‍ കഴിയുന്നില്ല'; യു.പിയില്‍ കാണാതായ കൗമാരക്കാരികളെ കണ്ടെത്തി
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും ജിആർപിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ടാർഗെറ്റ് ലിസ്‌റ്റിലുള്ള സ്‌റ്റേഷനുകളെ അറിയിച്ചിട്ടുണ്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ ഏരിയ കമാൻഡറുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. 2018ലും സമാനമായ ഭീഷണി ഈ ഭീകര സംഘടന നൽകിയിരുന്നു.
ഭീഷണിയെ തുടർന്ന് സ്‌റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലും ഇവിടെ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലും ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ സർവീസ് നടത്തുന്ന ട്രെയിനുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ദീപാവലി പ്രമാണിച്ച് തീവണ്ടികളിൽ ധാരാളം യാത്രക്കാർ കയറും.
ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ നടപടികൾ സ്വീകരിക്കും. എല്ലാ പ്രവർത്തനങ്ങളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.