ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പിടിയിലായ രണ്ട് ലഷ്‌കർ ഇ ത്വയ്‌ബ ഭീകരരിലൊരാള്‍ ബിജെപിയുടെ ഐടി സെല്‍ മേധാവി. ബിജെപിയുടെ ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവിയായിരുന്ന താലിബ് ഹുസൈനാണ് പിടിയിലായത്. ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡർ താലിബ് ഹുസൈനെയും കൂട്ടാളി ഫൈസര്‍ അഹമ്മദ് ദാറിനെയും റിയാസി ജില്ലയിലെ ടക്‌സന്‍ ഢോക്ക് ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
രണ്ട് മാസം മുന്‍പ് വരെ ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി, സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായിരുന്നു താലിബ് ഹുസൈന്‍. ജമ്മു കശ്‌മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദർ റെയ്‌നക്കൊപ്പമുള്ള താലിബ് ഹുസൈന്‍റെ ചിത്രവും ഐടി, സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായി ചുമതല നല്‍കിക്കൊണ്ടുള്ള ബിജെപി നേതാവ് ഷെയ്‌ഖ് ബഷീറിന്‍റെ കത്തും പുറത്ത് വന്നിട്ടുണ്ട്. താലിബ് ഹുസൈന്‍ ഒരു മാധ്യമ സ്ഥാപനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐഇഡി സ്ഫോടനങ്ങളുടെ സൂത്രധാരന്‍: ഈയിടെ നടന്ന ഐഇഡി സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് രജൗരി സ്വദേശിയായ താലിബ് ഹുസൈനെന്ന് പൊലീസ് അറിയിച്ചു. പൗരന്മാരുടെ കൊലപാതകങ്ങളും ഗ്രനേഡ് സ്‌ഫോടനങ്ങള്‍ക്കും പുറമേ രജൗരി ജില്ലയിലെ മൂന്ന് ഐഇഡി സ്‌ഫോടനക്കേസുകളില്‍ താലിബ് ഹുസൈന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാൻ ലഷ്‌കർ ഇ ത്വയ്‌ബ ഹാന്‍ഡ്‌ലര്‍ സൽമാനുമായി ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.