ഇംഫാല്‍: മണിപ്പൂരിലെ നോനി ജില്ലയിൽ റെയിൽവേ നിർമാണ സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 25 ആയി. 5 മൃതദേഹങ്ങളാണ് പുതിയതായി കണ്ടെത്തിയത്. പരിക്കേറ്റ 18 പേര്‍ ചികിത്സയിലാണ്.
ശക്തമായ മഴ; മണിപ്പൂരില്‍ ഉരുള്‍പൊട്ടല്‍ 38 പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സൈന്യം, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. വോൾ റഡാറും സെർച്ച് ആൻഡ് റെസ്‌ക്യൂ നായയേയും ഉപയോഗിച്ചാണ് തെരച്ചില്‍.
രക്ഷപ്പെടുത്തിയ 18 പേരില്‍ 13 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും അഞ്ച് സാധാരണക്കാരുമാണുള്ളത്. മരിച്ച സൈനികര്‍ക്ക് പൂർണ സൈനിക ബഹുമതികൾ നൽകി മൃതദേഹം ജന്മനാടുകളിലേക്ക് അയക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
'തുപുലിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പുലർച്ചെ പെയ്‌ത മഴ കാരണം കാലാവസ്ഥ പ്രതികൂലമാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു നിന്നും 18 പേരെ രക്ഷിക്കുകയും 25 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.' മണ്ണിടിച്ചിലിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി എൻ ബിരേൻ സിങ് ട്വീറ്റ് ചെയ്‌തു.
ഉരുള്‍പൊട്ടലിന്‍റെ അവശിഷ്‌ടങ്ങള്‍ ഇജായ് നദിയിലേക്കൊഴുകിയെത്തി ഒഴുക്കിനെ തടഞ്ഞു. വെള്ളം സമീപ പ്രദേശങ്ങളിലേക്കൊഴുകി ജനങ്ങള്‍ക്ക് ഭീഷണിയായി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നദിയിലെ അവശിഷ്‌ടങ്ങള്‍ നീക്കി ഒഴുക്ക് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.