ജമ്മു കശ്‌മീരില്‍ മണ്ണിടിച്ചില്‍ ജമ്മു&കശ്‌മീര്‍: ജമ്മു കശ്‌മീരിലെ റംബാന്‍ ജില്ലയില്‍ ദല്‍വ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ പൂര്‍ണമായും നിലംപൊത്തി.
പ്രദേശത്ത് നിന്ന് ആളുകളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശവാസികള്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തകര്‍ന്ന വീടുകളില്‍ നിന്ന് കന്നുകാലികളെയും വിലപിടിപ്പുള്ള വസ്‌തുക്കളും മാറ്റിയിട്ടുണ്ട്.
മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായതായും അഞ്ചാം നമ്പര്‍ വാര്‍ഡിലെ ആളുകള്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു എന്നും ഇടിവി ഭാരതിനോട് പ്രതികരിച്ച ഒരു പ്രദേശവാസി വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
പുലര്‍ച്ചെ മുതല്‍ തന്നെ ഇടിഞ്ഞ മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും തുടരുകയാണ്. മണ്ണ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണ്ണ് മാറ്റല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടുതല്‍ വീടുകള്‍ പൂര്‍ണമായി തകരുമെന്നും നാട്ടുകാര്‍ പറഞ്ഞു.
മണ്ണിടിച്ചില്‍ ഉണ്ടായ ദല്‍വ മേഖലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശനം നടത്തി. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. വീടുകള്‍ക്ക് മുകളില്‍ മാത്രമല്ല കൃഷിയിടങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്.