കേരളം

kerala

ETV Bharat / bharat

ഭൂമി കുംഭകോണ കേസ്: തേജസ്വി യാദവിനെ രണ്ടാം തവണയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ - Lalu Prasad Yadav bribery case

ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ജോലിക്ക് പകരമായി ഭൂമി കോഴയായി വാങ്ങിച്ചു എന്ന കേസിലാണ് തേജസ്വിയെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചിരിക്കുന്നത്

Land for job case  CBI summons Tejashwi Yadav  ഭൂമി കുംഭകോണ കേസ്  ലാലു പ്രസാദ് യാദവ്  ലാലു പ്രസാദ് യാദവ് ഭൂമി കുംഭകോണം  ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ  Lalu Prasad Yadav bribery case  Tejashwi Yadav cbi questioning
തേജസ്വി യാദവ്

By

Published : Mar 11, 2023, 1:33 PM IST

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ. ഇന്ന് ഡല്‍ഹിയിലെ തങ്ങളുടെ ആസ്ഥാനത്ത് ഹാജരാവണമെന്ന് കാണിച്ചാണ് സിബിഐ തേജസ്വി യാദവിന് നോട്ടിസ് നല്‍കിയത്. തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി റെയ്‌ഡ് നടത്തി ഒരു ദിവസത്തിന് ശേഷമാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

ഭൂമി കുംഭകോണ കേസില്‍ ഇത് രണ്ടാം തവണയാണ് തേജസ്വിയെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരി നാലിന് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ വേണ്ടി സിബിഐ തേജസ്വിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തേജസ്വി യാദവ് ചോദ്യം ചെയ്യലിനായി അന്ന് ഹാജരായില്ല.

"കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നതിന്‍റെ ഉദാഹരണം": എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരമാണെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ഒരു ഗൂഢാലോചന പദ്ധതി തയ്യാറാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഭൂമി കുംഭകോണ കേസില്‍ സിബിഐ ഉന്നയിക്കുന്നത്.

ജോലിക്ക് പകരം കോഴയായി ഭൂമി:ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ റെയില്‍വെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ജോലിക്ക് പകരമായി ഭൂമി കോഴയായി ലാലു പ്രസാദും കുടുംബാംഗങ്ങളും വാങ്ങിച്ചിട്ടുണ്ട് എന്നാണ് സിബിഐ കേസ്. 2004 മുതല്‍ 2009 വരെ ലാലു കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കുംഭകോണം നടന്നത് എന്ന് സിബിഐ പറയുന്നു. ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്വത്തുക്കള്‍ ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ഇത് അഴിമതിയിലൂടെ ലഭിച്ചതാണെന്നും സിബിഐ ആരോപിക്കുന്നു.

രാഷ്‌ട്രീയ പ്രതികാരമെന്ന് ആര്‍ജെഡി: ലാലു പ്രസാദിനും കുടുംബത്തിനുമെതിരെയുള്ള ബിജെപിയുടെ രാഷ്‌ട്രീയ പ്രതികാരമാണ് സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ് ആര്‍ജെഡി നേതാക്കള്‍ ആരോപിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ കേസുകളാണ് ഇതെന്നാണ് അവര്‍ പറയുന്നത്. അതേസമയം ആരും തന്നെ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതരല്ലെന്നും തേജസ്വി നിയമ നടപടികള്‍ നേരിടണമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ഭൂമി കുംഭകോണ കേസില്‍ മാര്‍ച്ച് ഏഴിന് ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കാണിച്ച് അവ വിശദീകരിക്കണമെന്നാവശ്യപ്പെടുന്ന ചോദ്യങ്ങളാണ് ലാലുവിനോട് ചോദിച്ചത് എന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയാത്ത ലാലു പ്രസാദിനെ സിബിഐ ചോദ്യം ചെയ്‌തതില്‍ കുടുംബാംഗങ്ങള്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.

തന്‍റെ പിതാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടില്ല എന്ന് ലാലു പ്രസാദിന്‍റെ മകള്‍ രോഹിണി ആചാര്യ ട്വിറ്ററില്‍ കുറിച്ചു. ലാലുവിന് വൃക്ക നല്‍കിയത് രോഹിണിയായിരുന്നു. 2022 ഡിസംബറില്‍ സിംഗപ്പൂരില്‍ വച്ചായിരുന്നു വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ.

ലാലു പ്രാസാദ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടത്തിയ വര്‍ഷങ്ങളായുള്ള പോരാട്ടം കാരണമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആക്രമിക്കുന്നത് എന്നാണ് തേജസ്വി യാദവ് പ്രതികരിച്ചത്.

ABOUT THE AUTHOR

...view details