ഹരിപുരം (ആന്ധ്രാപ്രദേശ്): സ്വത്ത് തർക്കത്തെ തുടർന്ന് രണ്ട് സ്‌ത്രീകളെ ജീവനോടെ മണ്ണിട്ട് മൂടി ബന്ധുക്കൾ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഹരിപുരത്താണ് സംഭവം. കുടുംബാംഗങ്ങൾ തന്നെയാണ് ഇരുവരെയും മണ്ണിട്ട് മൂടിയത്.
ഹരിപുരം സ്വദേശികളായ കൊട്ര ദളമ്മയ്ക്കും മകൾ മജ്ജി സാവിത്രിയ്ക്കും നേരെയാണ് മനുഷ്യത്വരഹിതമായ സംഭവമുണ്ടായത്. കുടുംബ സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി ഇവരും ബന്ധുക്കളും തമ്മില്‍ തർക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ നവംബർ 6ന് ദളമ്മയുടെ ഭർതൃ സഹോദരന്‍റെ മകൻ കൊട്ര രാമ റാവു തർക്കം നിലനിൽക്കുന്ന സ്ഥലത്തെ മണ്ണ് ട്രാക്‌ടർ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ തുടങ്ങി.
സ്വത്ത് തർക്കം: രണ്ട് സ്‌ത്രീകളെ ജീവനോടെ മണ്ണിട്ട് മൂടി ബന്ധുക്കളുടെ ക്രൂരത വിവരമറിഞ്ഞ ദളമ്മയും മകളും ഈ സ്ഥലത്തിന് തങ്ങൾക്കും അവകാശമുണ്ടെന്ന് ആരോപിച്ച് അവിടെ എത്തുകയായിരുന്നു. സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും സ്വത്തിലെ തങ്ങളുടെ വിഹിതം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വാക്കേറ്റം രൂക്ഷമായതോടെ ഇരുവരും ട്രാക്‌ടറിന് സമീപം കുത്തിയിരുന്നു.
ഇതോടെ രാമ റാവു ട്രാക്‌ടറിലെ മണ്ണ് മുഴുവൻ ഇവരുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.മണ്ണിനടിയിലകപ്പെട്ട ഇവരെ സമീപത്തുണ്ടായിരുന്ന യുവാക്കളാണ് രക്ഷപ്പെടുത്തിയത്. കൊട്ര രാമ റാവു, കൊട്ര ആനന്ദ റാവു, കൊട്ര പ്രകാശ റാവു എന്നിവരാണ് തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ദളമ്മയും മകൾ മജ്ജിയും പറഞ്ഞു.
ദളമ്മയുടെ ഭർത്താവിന്‍റെ സഹോദരന്മാരുടെ മക്കളാണ് മൂവരും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദളമ്മയുടെ പരാതിയിൽ കൊട്ര രാമ റാവുവിനെതിരെ കേസെടുത്തതായി മന്ദസ എസ്ഐ രവികുമാർ അറിയിച്ചു.