ഹൈദരാബാദ്: മങ്കിപോക്‌സിന് പിന്നാലെ രാജ്യത്ത് ആശങ്ക സൃഷ്‌ടിച്ച് തക്കാളിപ്പനി (tomato flu) പടർന്നു പിടിക്കുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി) എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒഡിഷയിലും തക്കാളിപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിനാൽ ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
2022 മെയ് 6 ന് കൊല്ലം ജില്ലയിലാണ് രാജ്യത്ത് ആദ്യമായി രോഗം തിരിച്ചറിഞ്ഞതെന്നാണ് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്‌തമാക്കുന്നത്. കൊല്ലം ജില്ലയിലെ അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളിലാണ് പ്രധാനമായും തക്കാളിപ്പനി ബാധിച്ചതെന്നാണ് ദി ലാൻസെറ്റിന്‍റെ പഠനത്തിൽ പറയുന്നത്. എന്നാൽ ജൂലൈ 26 ആയപ്പോഴേക്കും അഞ്ച് വയസിന് താഴെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 82 ആയി ഉയർന്നു.
അതേസമയം തക്കാളിപ്പനി പകർച്ചവ്യാധിയാണെങ്കിലും അപകടകാരിയല്ലെന്നാണ് ലാൻസെറ്റിന്‍റെ പഠനത്തിൽ വ്യക്‌തമാക്കുന്നത്. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് (പനി, ക്ഷീണം, ശരീരവേദന) തക്കാളിപ്പനി ബാധിതരിലും കണ്ടുവരുന്നത്. എന്നാൽ കൊവിഡ് വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നാണ് ഗവേഷകർ വ്യക്‌തമാക്കുന്നത്. സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.
തക്കാളിപ്പനി ബാധിതരായ രോഗികളുടെ ചർമ്മത്തിൽ ചുവന്ന കുമിളകൾ കണ്ടുവരുന്നുണ്ട്. ഇതിനാലാണ് രോഗത്തിന് തക്കാളിപ്പനി എന്ന പേര് ലഭിച്ചത്. കുട്ടികളിൽ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമായിട്ടാണ് തക്കാളിപ്പനി ബാധിക്കുന്നത്. 1 മുതൽ 5 വയസുവരെ പ്രായമുള്ള കുട്ടികളിലാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. കൂടാതെ പ്രതിരോധശേഷി കുറഞ്ഞ മുതിർന്നവർക്കും തക്കാളിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തക്കാളിപ്പനി സ്വയം പ്രതിരോധ രോഗമായതിനാൽ തന്നെ ഇതിന് പ്രത്യേക മരുന്നുകളൊന്നും തന്നെ നിലവിലില്ല.
ജാഗ്രത നിർദേശം: കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലൊന്നും തന്നെ രോഗം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒഡിഷയിൽ 1നും 9നും ഇടയിൽ പ്രായമുള്ള 26 കുട്ടികൾക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ വ്യാപനം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
എങ്ങനെ പടരും: സമ്പർക്കത്തിലൂടെ പകരുന്ന രോഗമായതിനാലാണ് തക്കളിപ്പനി കൂടുതലും കുട്ടികളെ ബാധിക്കുന്നത്. നാപ്‌കിനിന്‍റെ ഉപയോഗം, വൃത്തിഹീനമായ പ്രതലങ്ങളിൽ സ്‌പർശിക്കുക, സാധനങ്ങൾ നേരിട്ട് വായിലിടുക എന്നിവയിലൂടെയാണ് കുട്ടികളിൽ രോഗം ബാധിക്കുന്നത്. കുട്ടികളിൽ പടരുന്ന രോഗമാണെങ്കിലും ശരിയായ ചികിത്സയും നിയന്ത്രണവും നടത്തിയില്ലെങ്കിൽ തക്കളിപ്പനി മുതിർന്നവരിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
രോഗലക്ഷണങ്ങൾ
- തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ ചിക്കുൻഗുനിയയ്ക്ക് സമാനമാണ്. കടുത്ത പനി, തിണർപ്പ്, സന്ധികളിലെ തീവ്രമായ വേദന എന്നിവയാണ് പ്രധാന രോഗലക്ഷണം.
- ശരീരത്തിലുടനീളം ചുവന്നതും വേദനാജനകവുമായ കുമിളകൾ ഉണ്ടാകും. അത് ക്രമേണ വലുതായി വരുന്നു. ചിക്കൻ പോക്‌സിനും, മങ്കി പോക്‌സിനും സമാനമായ കുമിളകളാണ് തക്കാളിപ്പനി ബാധിതരിലും കണ്ടുവരുന്നത്.
- തക്കാളിപ്പനിക്കൊപ്പം ചർമ്മത്തിൽ ഉണ്ടാകുന്ന കുമിളകൾ ചർമ്മത്തിന് അസ്വസ്‌തതകളുണ്ടാക്കും. മറ്റ് വൈറൽ അണുബാധകൾ പോലെ ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധിവീക്കം, ശരീരവേദന എന്നിവയും തക്കാളിപ്പനിയുടെ രോഗലക്ഷണങ്ങളാണ്.
മുൻകരുതലുകളും ചികിത്സയും:തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക വൈറസ്, വാരിസെല്ല-സോസ്റ്റർ വൈറസ്, ഹെർപ്പസ് എന്നിവയുടെ രോഗനിർണയത്തിനായി തന്മാത്ര, സീറോളജിക്കൽ പരിശോധനകൾ നടത്തുന്നു. ഇവയുടെ പരിശോധനാഫലം നെഗറ്റീവ് ആകുമ്പോഴാണ് തക്കാളിപ്പനി സ്ഥിരീകരിക്കുന്നത്.
തക്കാളിപ്പനി, ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസുകളായതിനാൽ ഇവയ്‌ക്കുള്ള ചികിത്സയും ഏറെക്കുറെ സമാനമാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളിപ്പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.
സ്വയം പ്രതിരോധം: മറ്റ് തരത്തിലുള്ള ഇൻഫ്ലുവൻസ പോലെ തക്കാളിപ്പനിയും ഒരു പകർച്ചവ്യാധിയാണ്. അതിനാൽ രോഗലക്ഷണം സ്ഥിരീകരിച്ചവരിൽ നിന്നും രോഗലക്ഷണമുണ്ടെന്ന് സംശയമുള്ളവരിൽ നിന്നും അകലം പാലിക്കണം. രോഗബാധിതർ മറ്റ് കുട്ടികളിലേക്കോ മുതിർന്നവരിലേക്കോ അണുബാധ പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് മുതൽ 5 മുതൽ 7 ദിവസത്തേക്ക് ഐസൊലേഷൻ പാലിക്കണം.
തക്കാളിപ്പനിക്ക് പ്രത്യേക മരുന്നുകൾ ഒന്നും തന്നെ ലഭ്യമല്ല. അതിനാൽ തന്നെ സ്വയം പ്രതിരോധമാണ് രോഗം പകരാതിരിക്കാനുള്ള ഏറ്റവും മികച്ച മരുന്ന്. വ്യക്‌തി ശുചിത്വം പാലിക്കുക, വീടും പരിസരവും അണുവിമുക്‌തമാക്കുക, രോഗബാധിതനായ കുട്ടിയുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയവ മറ്റ് കുട്ടികളുമായി പങ്കിടുന്നത് ഒഴിവാക്കുക എന്നിവയാണ് തക്കാളിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മുൻകരുതലുകൾ.