റാഞ്ചി:ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായി. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ച അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ദുംക ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിൽ ഏപ്രിൽ 17നാണ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 ഡിസംബർ മൂന്നിനാണ് കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലാകുന്നത്.
ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായി; എയിംസിൽ തുടരും
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ദുംക ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിൽ ഏപ്രിൽ 17ന് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
കുംഭകോണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മറ്റ് മൂന്ന് കേസുകളിൽ ലാലു പ്രസാദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദുംക ട്രഷറി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് യാദവ് ജയിൽ മോചിതനായത്. ജാമ്യകാലയളവിൽ കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടുകയോ മൊബൈൽ നമ്പറോ വീടോ മാറുകയോ ചെയ്യരുതെന്നും പാസ്‌പോർട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് പറഞ്ഞു.
റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാദവിനെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്. എന്നാൽ രണ്ട് കേസുകളിലായി അഞ്ച് ലക്ഷം രൂപ വീതം പിഴ നൽകണമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. 2018 മാർച്ച് 24ന് പ്രസാദിനെ 14 വർഷം വരെ തടവിന് ശിക്ഷിച്ചപ്പോൾ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി 60 ലക്ഷം രൂപയും, 30 ലക്ഷം രൂപ വീതവും വിവിധ കേസുകളിൽ പിഴ ചുമത്തിയിരുന്നു.