പട്‌ന :ബിഹാറില്‍ അധികാരത്തില്‍ വന്ന നിതീഷ് കുമാറിന്‍റെ പുതിയ സര്‍ക്കാറിന് കല്ലുകടിയായി ഔദ്യോഗിക യോഗത്തില്‍ ലാലു പ്രസാദ് യാദവിന്‍റെ മരുമകന്‍ ശൈലേഷ് കുമാറിന്‍റെ സാന്നിധ്യം. അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തത്. പ്രസാദിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് കഴിഞ്ഞ ദിവസമാണ് വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്.
തേജ് പ്രതാപ് വിളിച്ച മന്ത്രിയുടേയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പിന്നിലെ നിരയില്‍ സഹോദരീഭര്‍ത്താവായ ശൈലേഷ് ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാജ്യസഭ എംപിയും ലാലു പ്രസാദ് യാദവിന്‍റെ മകളുമായ മിസ ഭാരതിയുടെ ഭര്‍ത്താവാണ് ശൈലേഷ് കുമാർ. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സാഹോദരീ ഭര്‍ത്താവിന് അധികാരം നല്‍കി തേജ് പ്രതാപ് യാദവ് മന്ത്രിസ്ഥാനത്ത് തുടരുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തി.
മന്ത്രി തന്‍റെ അധികാരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കിയെന്നും ഇത് ജനാധിപത്യത്തിന്‍റെ ലംഘനമാണെന്നുമാണ് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയുടെ വിമര്‍ശനം. വീഡിയോ പ്രകാരം ജൂലൈ 17 ന് മന്ത്രി എന്ന നിലയിൽ യാദവ് പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലായിരുന്നു സഹോദരീ ഭര്‍ത്താവിന്‍റെ സാന്നിധ്യം. ഒരു ദിവസത്തിന് ശേഷം കുമാർ വീണ്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോഗത്തിലും പങ്കെടുത്തു. ഈ യോഗത്തില്‍ മന്ത്രിയുടെ അടുത്തായിരുന്നു ഇരിപ്പിടം.