ബിഹാർ:വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ശേഷം സിംഗപ്പൂരിൽ നിന്നും മടങ്ങുന്ന ബിഹാർ മുൻമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി മകൾ രോഹിണി ആചാര്യ. ഒരു മകളെന്ന നിലയിലുള്ള കടമകൾ താൻ നിർവഹിച്ചു എന്നും ഇനി അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങുകയാണെന്നും അച്ഛനെ നന്നായി നോക്കണം എന്നും രോഹിണി ചിത്രങ്ങളോടൊപ്പം ട്വിറ്ററിൽ കുറിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം കഴിഞ്ഞവർഷം അവസാനമാണ് ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. മകൾ രോഹിണി തന്നെയായിരുന്നു വൃക്ക ദാതാവ്.
അച്ഛനെ നന്നായി നോക്കണം; അദ്ദേഹത്തെ നിങ്ങളെ ഏൽപ്പിക്കുന്നു, വികാരനിർഭര കുറിപ്പുമായി ലാലു പ്രസാദിന്‍റെ മകൾ - രാഷ്ട്രീയ ജനതാദൾ
ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ശേഷം സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നു. നാട്ടിലേക്ക് മടങ്ങുന്ന വാർത്ത ട്വിറ്ററിലൂടെ അറിയിച്ച് മകൾ രോഹിണി ആചാര്യ
രോഹിണിയുടെ ട്വീറ്റ് ഇങ്ങനെ,'എനിക്കൊരു പ്രധാനകാര്യം പറയാനുണ്ട്, ലാലുജിയുടെ ആരോഗ്യത്തെക്കുറിച്ചാണ് പറയാനുള്ളത്. ഫെബ്രുവരി 11ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ്.ഒരു മകളെന്ന നിലയിലുള്ള കടമകളാണ് ഞാൻ ചെയ്‌തത്. എന്‍റെ അച്ഛനെ ഞാൻ ആരോഗ്യവാനാക്കിയതിനു ശേഷം ഞാൻ അദ്ദേഹത്തെ നിങ്ങളെ ഏൽപ്പിക്കുന്നു. ഇനി അച്ഛനെ നിങ്ങൾ നന്നായി നോക്കണം'.
ലാലു പ്രസാദിന് രോഗം സ്ഥിരീകരിക്കുകയും ശസ്ത്രക്രിയക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്‌തതോടെ രോഹിണി ആചാര്യ പൂർണ്ണമായും അച്ഛന്‍റെ ചികിത്സക്കായി സമയം ചിലവഴിക്കുകയായിരുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ നിരവധിയാളുകളാണ് രോഹിണിക്ക് പ്രശംസയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 78 ദിവസത്തെ സിംഗപ്പൂർ വാസത്തിനു ശേഷമാണ് ലാലു പ്രസാദ് ഇന്ത്യയിലേക്ക് മടങ്ങുന്നത്.