പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ ഐക്യത്തിനായി നീക്കം ശക്‌തമാക്കാനൊരുങ്ങി പ്രാദേശിക പാർട്ടികൾ. ഇതിനായുള്ള സഖ്യ ചർച്ചകൾക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന്(25.09.2022) കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചക്കായി ഇരുവരും ഇന്നലെ തന്നെ ഡൽഹിയിലെത്തി. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കനത്ത ഭാഷയിലാണ് ലാലുപ്രസാദ് യാദവ് പരിഹസിച്ചത്.
അമിത് ഷാ ആകെ ഭ്രാന്തനെപ്പോലെയായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ സർക്കാർ ബിഹാറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. 2024ലും ബിജെപി കനത്ത തകർച്ച നേരിടും. അതുകൊണ്ടാണ് അദ്ദേഹം ഗുജറാത്തിലേത് പോലെ ഇവിടെ ഓടി നടന്ന് ജംഗിൾ രാജിനെക്കുറിച്ചും മറ്റും സംസാരിക്കുന്നത്. അദ്ദേഹം ഗുജറാത്തിലുണ്ടായിരുന്നപ്പോൾ അവിടെ ജംഗിൾ രാജ് ഉണ്ടായിരുന്നു, ലാലുപ്രസാദ് യാദവ് പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. നേരത്തെ ഡൽഹിയിലെത്തിയ നിതീഷ് കുമാർ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്‌രിവാൾ, മുലായം സിങ് യാദവ്, ഡി രാജ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. അന്ന് വിദേശത്തായിരുന്നതിനാൽ സോണിയയുമായി ചർച്ച നടത്താൻ സാധിച്ചിരുന്നില്ല. അതിനാലാണ് ഇന്ന് ലാലു പ്രസാദ് യാദവുമൊത്ത് വീണ്ടും ചർച്ചക്കെത്തുന്നത്.
പ്രതിപക്ഷ റാലി: അതേസമയം ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി നേതാവുമായ ഓംപ്രകാശ് ചൗട്ടാല ഇന്ന് ഫത്തേബാദിൽ സംഘടിപ്പിക്കുന്ന റാലി പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിന് വേദിയായേക്കും. പ്രതിപക്ഷ നിരയിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തേക്കും.
ആഞ്ഞടിച്ച് ബിജെപി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെയും ലാലു പ്രസാദിന്‍റെയും ജോഡി തുടച്ചുനീക്കപ്പെടുമെന്ന് പൂർണിയയിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞിരുന്നു. കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുമെന്നും മഹാസഖ്യത്തിന്‍റെ ജംഗിൾ രാജ് ബിജെപിക്ക് ആവശ്യമില്ലെന്നും അമിത് ഷാ വ്യക്‌തമാക്കി.
അതേസമയം ലാലുവും നിതീഷും സോണിയയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനെതിരെ ബിജെപിയും രംഗത്തെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിൽ എത്തിയതോടെ പ്രതിപക്ഷ പാർട്ടികൾക്ക് അസ്വസ്ഥതയും രോഷവും അനുഭവപ്പെടുന്നുണ്ടെന്ന് ബിജെപി വക്‌താവ് നിഖിൽ ആനന്ദ് പറഞ്ഞു. അമിത് ഷാ വരുന്നതിന് ഒരു മാസം മുമ്പാണ് മഹാസഖ്യക്കാർ കുപ്രചരണം തുടങ്ങിയത്. നഷ്‌ടപ്പെട്ട നിലം രക്ഷിക്കാനാണ് അവർ പരസ്‌പരം ചർച്ചകൾ നടത്തുന്നത്.
ഈ ഫ്യൂസ്‌ഡ് ബൾബുകൾ ഒരുമിച്ചാണ് വരുന്നത്. എന്നാൽ ഓരോ ഇന്ത്യൻ പൗരന്‍റെയും സ്വപ്‌നം സാക്ഷാത്കരിക്കാനും ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രികതയ്ക്ക് വേണ്ടത്ര വെളിച്ചം നൽകാൻ അവയ്ക്ക് കഴിയില്ല, നിഖിൽ ആനന്ദ് കൂട്ടിച്ചേർത്തു.