മുംബൈ: അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്ന താര ജോഡികളായിരുന്നു ഐപിഎൽ സ്ഥാപകൻ ലളിത് മോദിയും സിനിമ താരം സുസ്‌മിത സെന്നും. സുസ്‌മിതയുമായി ഡേറ്റിങ്ങിലാണെന്ന് ലളിത് മോദി തന്‍റെ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. പിന്നാലെ ഇരുവരെയും വിമർശിച്ചും അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. എന്നാൽ ഏറ്റവും ഒടുവിൽ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
സുസ്‌മിതയുമായി ഡേറ്റിങ്ങിലാണെന്ന് അറിയിച്ചതിന് പിന്നാലെ ലളിത് തന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്‌ചർ മാറ്റുകയും ബയോയിൽ മാറ്റം വരുത്തുകയും ചെയ്‌തിരുന്നു. ഒടുവിൽ എന്‍റെ പാര്‍ട്‌ണർ ഇൻ ക്രൈമുമായി പുതിയ ജീവിതം ആരംഭിക്കുന്നു. 'മൈ ലൗ സുസ്‌മിത സെൻ' എന്നതായിരുന്നു ലളിത് മോദിയുടെ ഇൻസ്റ്റഗ്രാം ബയോ. തുടർന്ന് സുസ്‌മിതയോടൊപ്പമുള്ള ഒരു പിടി ചിത്രങ്ങളും ലളിത് മോദി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് സുസ്‌മിതയെ നീക്കി ലളിത് മോദി; വേർപിരിഞ്ഞോ എന്ന് ആരാധകർ എന്നാൽ കഴിഞ്ഞ ദിവസം സുസ്‌മിതയോടൊപ്പമുള്ള പ്രൊഫൈൽ ചിത്രവും ബയോയും ലളിത് മോദി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തു. ഇതോടെയാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ എന്ന് മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി കൊടുത്തിട്ടുള്ളത്. എന്നാൽ വാർത്തകളെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലളിത് 1991 ഒക്‌ടോബറിൽ മിനൽ സാഗ്രാനിയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ 2018ൽ ഇവർ കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ രുചിറും മകൾ ആലിയയും. അതേസമയം മോഡൽ റോഹ്മാൻ ഷാളുമായി പ്രണയത്തിലായിരുന്ന സുസ്‌മിത അടുത്തിടെയാണ് ഈ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞത്. സുസ്‌മിതയ്‌ക്ക് രണ്ട് ദത്ത് പുത്രിമാരാണുള്ളത്. റെനിയും അലിസയും.