അസംഗഡ് : ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ രണ്ട് പതിറ്റാണ്ടോളം ഭരണ സംവിധാനവുമായി പോരാടിയ ആളാണ് ലാൽ ബിഹാരി മൃതക്. 19 വർഷം സർക്കാർ രേഖകള്‍, മരണമടഞ്ഞെന്ന് പറഞ്ഞ ലാൽ ബിഹാരി തന്‍റെ പേരിന് പിറകിൽ കൂട്ടിചേർത്തതാണ് 'മൃതക്' (മരണപ്പെട്ടവൻ) എന്നത്. സ്വയരക്ഷയ്ക്കായി എ കെ 47 റൈഫിൾ ആവശ്യപ്പെട്ട് ലാൽ ബിഹാരി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുകയാണ് ഇപ്പോള്‍.
തന്‍റെയും തന്നെപ്പോലുള്ള മറ്റുള്ളവരുടെയും ജീവനില്‍ കൊതിയുള്ളതിനാല്‍ രേഖകളിൽ "മരിച്ച" എല്ലാ ആളുകൾക്കും AK-47 ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലാൽ ബിഹാരി മൃതക് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ജീവിച്ചിരിക്കുന്ന ആളുകൾക്ക്, ലൈസൻസുള്ള ആയുധങ്ങളുണ്ട്. അതിനാൽ, മരിച്ചവർക്ക് സർക്കാർ കുറഞ്ഞത് ഒരു AK-47 എങ്കിലും നൽകണം, അതിലൂടെ അവർക്ക് അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയുമെന്നാണ് ലാൽ ബിഹാരി പറയുന്നത്.
തന്‍റെ പോരാട്ടം ജനങ്ങളോടല്ലെന്നും അഴിമതി നിറഞ്ഞ വ്യവസ്ഥിതിയോടാണെന്നും അദ്ദേഹം പറഞ്ഞു. “ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് പൊതുജനങ്ങളെ ചൂഷണം ചെയ്യുകയാണ്. വളരെക്കാലമായി ഞങ്ങൾ അതിനെതിരെ പോരാടുകയാണ്” - മൃതക് പറഞ്ഞു.
1955 മെയ് 6 ന് നിസാമാബാദ് തഹസിൽ ഖലീലാബാദ് ഗ്രാമത്തിലാണ് ലാൽ ബിഹാരി ജനിച്ചത്. പിതാവിന്‍റെ മരണശേഷം ഗ്രാമത്തലവൻ തഹസീൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്‍റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ, താൻ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ബിഹാരി പറയുന്നത്. ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ ലാൽ ബിഹാരിക്ക് ഒരുപാട് സമരം ചെയ്യേണ്ടിവന്നിരുന്നു. അവസാനം വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ 1994 ജൂൺ 30-ന് ജില്ല മജിസ്‌ട്രേറ്റ് സർക്കാർ രേഖകളിൽ തിരുത്തല്‍ വരുത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചതിനാൽ തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് പ്രഖ്യാപിക്കാൻ ലാൽ ബിഹാരി പല തന്ത്രങ്ങളും സ്വീകരിച്ചു. അതോടൊപ്പം തന്നെപ്പോലുള്ള ഇരകളുടെ കൂട്ടായ്‌മയായ "മൃതക് സംഘ്" എന്ന സംഘടനയും രൂപീകരിച്ചു. യൂണിയന്‍റെ പ്രയത്‌നത്താൽ നൂറുകണക്കിനാളുകളെ, മരിച്ചെന്ന രേഖയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
സർക്കാർ 25 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിൽ ലാൽ ബിഹാരി മൃതക് ഹർജി നൽകിയിരുന്നു. എന്നാൽ കോടതി ഈ ഹർജി തള്ളുകയും സമയം പാഴാക്കിയതിന് ലാൽ ബിഹാരി മൃതക്കിന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.