തിരുവനന്തപുരം :തന്‍റെ അയോഗ്യത പൊടുന്നനെ നീക്കിയത്, സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേല്‍ക്കുമെന്ന ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ ആശങ്കയെ തുടര്‍ന്നെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. അയോഗ്യനാക്കിയ നടപടിക്കെതിരായ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പാര്‍ലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ചത്. വധശ്രമ കേസില്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനാണെന്നത് വ്യക്തമാണ്. തന്‍റെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്‌തിട്ടും രണ്ട് മാസം എന്തിനാണ് കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. താന്‍ പ്രതിനീധീകരിക്കുന്ന മണ്ഡലത്തെയും അവിടുത്തെ ജനങ്ങളെയും 60 ദിവസം ലോക്‌സഭയില്‍ നിശബ്‌ദരാക്കി.
more read:മുഹമ്മദ് ഫൈസലിന് ആശ്വസിക്കാം, വധശ്രമ കേസില്‍ വിധി മരവിപ്പിച്ച് ഹൈക്കോടതി
വിഷയത്തില്‍ സ്‌പീക്കറുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കേസില്‍ മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ പരമോന്നത കോടതി തീരുമാനിച്ചത്.
കേസും പിന്നാലെയുള്ള അയോഗ്യനാക്കലും:വധശ്രമ കേസിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 11 മുതലാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തിയിലെ സെഷന്‍സ് കോടതി ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്‌പല്‍ കുമാര്‍ സിങ്ങാണ് അയോഗ്യതാ ഉത്തരവിറക്കിയത്.