അമൃത്‌സര്‍: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്ക് ജാമ്യം കിട്ടിയതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് ബിലാസ്‌പൂരിലെ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി ചോദിച്ചു. കര്‍ഷകര്‍ക്കൊപ്പമാണെങ്കില്‍ പ്രതിക്ക് ജാമ്യം കിട്ടിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ചൊവ്വാഴ്‌ചയാണ് അലഹബാദ് ഹൈക്കോടതി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. പ്രതിയ്ക്ക് നഗരവിട്ട് പോകുന്നതില്‍ നിയന്ത്രണമില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് രാജ്യത്തോട് ധാര്‍മികമായ ഒരു ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. മറ്റ് എന്തിനെക്കാളും വലുതാണത്. എന്നാല്‍ സര്‍ക്കാരും പ്രധാനമന്ത്രിയും അക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
Also Read: മോദീഭരണത്തില്‍ 5,35,000 കോടിയുടെ ബാങ്ക് തട്ടിപ്പെന്ന് രാഹുല്‍ ; വെട്ടിപ്പുകാര്‍ 'ഷെഹന്‍ഷയുടെ രത്നങ്ങളെ'ന്ന് കോണ്‍ഗ്രസ്
കുറ്റവാളിക്ക് കോടതി ജാമ്യം അനുവദിച്ചു. നിങ്ങളെ ഇല്ലാതാക്കിയയാള്‍ നാളെ പുറത്തിറങ്ങി സൈര്യവിഹാരം നടത്തും. സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കുന്നത്? കര്‍ഷകരെയോ? കര്‍ഷകരുടെ നേരെ വാഹനം കയറ്റുമ്പോള്‍ എവിടെയായിരുന്നു പൊലീസിലും ഭരണകൂടവുമെന്നും പ്രിയങ്ക ചോദിച്ചു. നാല് കര്‍ഷകരുള്‍പ്പടെ എട്ട് പേരെയാണ് ലഖിംപൂര്‍ ഖേരിയില്‍ ഒക്‌ടോബര്‍ മൂന്നിന് മന്ത്രിയുടെ മകന്‍റെ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.