ലഖ്‌നൗ: ലഖിംപുര്‍ ആക്രണമണത്തിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ നിന്നും വെടിയുതിര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം നടന്ന ദിവസം തന്നെയാണോ ആയുധങ്ങളില്‍ നിന്നും വെടിയുതിര്‍ന്നതെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ആശിഷ് മിശ്ര വെടിയുതിര്‍ത്തിരുന്നുവെന്ന് പ്രതിഷേധത്തിലുള്ള കര്‍ഷകര്‍ നേരത്തെ ആരോപിച്ചിരുന്നു.
സംഭവത്തിന് ശേഷം ആശിഷ് മിശ്രയില്‍ നിന്നും റൈഫിൾ ഉൾപ്പെടെ നാല് ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. മുൻ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്‍റെ അനന്തരവൻ അങ്കിത് ദാസിന്‍റെ ഉടമസ്ഥതയിലുള്ള ഒരു പിസ്റ്റൾ, ദാസിന്‍റെ അംഗരക്ഷകൻ ലത്തീഫ് കാലെയുടെ പക്കൽ ഉണ്ടായിരുന്ന ഒരു റിപ്പീറ്റർ ഗൺ എന്നിവയുള്‍പ്പടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.
അതേസമയം അഖിലേഷ് ദാസിന്‍റെ സഹായി സത്യപ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള റിവോൾവറിന്‍റെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. "എഫ്എസ്എല്ലിലേക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ച നാല് ആയുധങ്ങളിൽ, ആശിഷ് മിശ്രയുടെ റൈഫിൾ ഉൾപ്പെടെ മൂന്നിൽ നിന്നാണ് വെടിവയ്പ്പ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എപ്പോഴാണ് വെടിവയ്പ്പ് നടന്നതെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല." മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് കര്‍ഷക പ്രതിഷേധത്തിന് നേരെ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു.
ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നതെന്നും ഗൂഢാലോചനയില്‍ ആശിഷ് മിശ്രയും പങ്കെടുത്തിരുന്നുവെന്നുമാണ് ബഹ്‌റൈച്ച് ജില്ല സ്വദേശിയായ ജഗ്ജിത് സിങ്ങിന്‍റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. കര്‍ഷക പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ആയുധധാരികളോടൊപ്പമെത്തിയ ആശിഷ് വാഹനത്തിലിരുന്ന് വെടിയുതിര്‍ത്തതായും ഈ റിപ്പോര്‍ട്ടിലുണ്ട്.