ലഖിംപൂർ ഖേരി: ഒക്ടോബര്‍ മൂന്നിന് ലഖീംപൂരില്‍ നടന്ന ആക്രമണം മനപ്പൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ അനുമതി തേടി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിദ്യാറാം ദിവാകറാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്.
സംഭവം പെട്ടന്ന് ഉണ്ടായതല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 279-ന് പകരം 307 (കൊലപാതകശ്രമം), അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പികല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചേക്കണമെന്നാണ് അപേക്ഷ.
ഒക്ടോബര്‍ മൂന്നിനാണ് കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ച് കയറ്റിയതായി ആരോപണമുള്ളത്. ആക്രമണത്തിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലുമായി എട്ടുപേരാണ് കൊല്ലപ്പെട്ടത്.