ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത ട്രെയിന്‍ തടയല്‍ (റെയില്‍ രോക്കോ) സമരം ആരംഭിച്ചു. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് മണി വരെ ട്രെയിന്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌തിരിയ്ക്കുന്നത്.
സമരം സമാധാനം
റെയില്‍വേയ്ക്ക് നാശനഷ്‌ടങ്ങളുണ്ടാക്കാതെ തികച്ചും സമാധാനപരമായിരിയ്ക്കും സമരമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയില്‍ വ്യക്തമാക്കി. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര യാത്ര ചെയ്ത വാഹനമാണ് സമാധാനപരമായി പ്രതിഷേധിയ്ക്കുകയായിരുന്ന കര്‍ഷകരെ ഇടിച്ചത്. ആശിഷ് മിശ്രയ്ക്ക് പൊലീസ് സമൻസ് അയച്ച സമയത്ത് അജയ് മിശ്ര മകനും സഹായികള്‍ക്കും അഭയം നല്‍കുകയായിരുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
കേന്ദ്രമന്ത്രിസഭയില്‍ ആഭ്യന്തരകാര്യ സഹമന്ത്രിയായി അജയ് മിശ്ര ഉള്ളപ്പോള്‍ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നീതി ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാല്‍ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെടുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാല് പേരും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേരുമടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ ആശിഷ് മിശ്ര സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു അജയ് മിശ്രയുടെ വാദം. ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയെങ്കിലും സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയുടെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also read: ലഖിംപൂർ ഖേരി അക്രമം: ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല, രണ്ട് പേർ കൂടി അറസ്റ്റില്‍