ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക ഹത്യയിൽ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ അസംതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. അന്വേഷണം പ്രതീക്ഷിച്ച രീതിയിലല്ല നടക്കുന്നതെന്നും സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ മറ്റൊരു ഹൈക്കോടതിയിലെ ജഡ്‌ജി അന്വേഷണ നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രതികരണം ആരാഞ്ഞ സുപ്രീം കോടതി കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
ഒക്‌ടോബർ 3ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തിൽ നാല് കർഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ച നടപടികളിൽ ഒക്‌ടോബർ 8ന് അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.