സോന്‍ബദ്ര (ഉത്തര്‍പ്രദേശ്): ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നല്‍കി. വെള്ളിയാഴ്‌ച രാത്രി പത്താൻകോട്ടിൽ നിന്ന് ചോപ്പനിലേക്കുള്ള യാത്രാമധ്യേയാണ് പൂനം എന്ന യുവതി സോൻഭദ്ര റെയിൽവേ സ്‌റ്റേഷനില്‍ വച്ച് പ്രസവിച്ചത്. ട്രെയിന്‍ സോൻഭദ്രയിലെത്തിയപ്പോള്‍ യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ജീവനക്കാര്‍ സഹായത്തിനെത്തി. വൈകാതെ യുവതി കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്‌തു.
പ്രസവം യാത്രാമധ്യേ :പ്രസവവേദന അനുഭവപ്പെട്ടതോടെ ആർപിഎഫ് ജീവനക്കാർ സ്ട്രെച്ചറിന്‍റെ സഹായത്തോടെ യുവതിയെ ട്രെയിനില്‍ നിന്നിറക്കി. എന്നാല്‍ അധികം വൈകാതെ പ്ലാറ്റ്‌ഫോമില്‍ വച്ച് യുവതി പ്രസവിക്കുകയായിരുന്നു.വേണ്ട സഹായങ്ങളുമായി ഈസമയം ആർപിഎഫ് കോൺസ്‌റ്റബിൾമാര്‍ അടുത്തുതന്നെ നിലയുറപ്പിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് സ്‌റ്റേഷൻ മാസ്‌റ്റർ അജയ് കുമാർ : മധ്യപ്രദേശിലെ സിംഗ്രൗലി സ്വദേശികളായിരുന്നു യാത്രക്കാര്‍. ഡൗണ്‍ മുരി എക്‌സ്‌പ്രസിന്‍റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു ഇവര്‍ യാത്ര ചെയ്‌തിരുന്നത്. ട്രെയിൻ സോൻഭദ്ര സ്‌റ്റേഷനിലേക്കെത്തിയപ്പോള്‍ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടു. ഈ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉമാകാന്ത് യാദവ്, കൃപാശങ്കർ വർമ എന്നീ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ യുവതിയെ സഹായിക്കാനായി ഓടിയെത്തുകയായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു:തുടര്‍ന്ന് രാത്രി 10.30 ഓടെ യുവതിയെ ട്രെയിനില്‍ നിന്ന് ഇറക്കി. പിന്നീട് ഒരു സ്‌ട്രെച്ചറിൽ കയറ്റി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുപോയി. അതിന് ശേഷം യുവതിയെ പ്ലാറ്റ്‌ഫോമിൽ തുണി വിരിച്ച് കിടത്തിയെന്നും ടിക്കറ്റ് എക്സാമിനർ ദുർഗേഷ് സിങ് ചൗഹാൻ, വനിത റെയിൽവേ ഉദ്യോഗസ്ഥരായ സംയുക്ത ശുക്ല എന്നിവര്‍ പ്രസവമെടുക്കാനുള്ള ക്രമീകരണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്‌തു.
തുടര്‍ന്ന് പ്രസവശേഷം യുവതിയെ ആംബുലൻസിൽ റാവത്സ്ഗഞ്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെ യുവതിയുടെ ഭര്‍ത്താവ് സാഗറും മറ്റ് യാത്രക്കാരും അഭിനന്ദിച്ചു.