ഔറംഗബാദ് : മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദ് ജില്ലയിൽ കിണർ കുഴിക്കുന്ന ജോലിയ്ക്കായി എത്തിച്ച് കരാറുകാർ ക്രൂരമായി പീഡിപ്പിച്ച് വന്ന 11 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഒസ്‌മാനാബാദിലെ ധോക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ ജോലിയ്‌ക്കെത്തിച്ച തൊഴിലാളികളെയാണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തിൽ കരാറുകാരായ സന്തോഷ് ജാദവ്, കൃഷ്‌ണ ഷിൻഡെ എന്നിവരുൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
തൊഴിലാളികളെ കരാറുകാർ ക്രൂരമായ പീഡനത്തിനാണ് ഇരകളാക്കിയത്. കിണറ്റിലേക്ക് ഇറങ്ങിയാൽ അന്നത്തെ ദിവസത്തെ പണി തീരുന്നത് വരെ ഇവരെ മുകളിലേക്ക് കയറ്റുമായിരുന്നില്ല. ദിവസവും 12 മണിക്കൂറോളമാണ് തങ്ങൾ ജോലി ചെയ്‌തതെന്നും ചെയ്‌ത ജോലിക്ക് ഇതുവരെ കൂലി നൽകിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. പുറത്തേക്ക് കടക്കാൻ കഴിയാത്തതിനാൽ കിണറിനുള്ളിൽ തന്നെ മലമൂത്ര വിസർജനം ചെയ്യാൻ നിർബന്ധിതരായെന്നും തൊഴിലാളികൾ വ്യക്‌തമാക്കി.
മൂന്ന് മാസം മുൻപാണ് ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ കിണർ കുഴിക്കുന്ന ജോലികൾക്കായി കരാറുകാർ തൊഴിലാളികളെ എത്തിച്ചത്. ഇതിനിടെ ഇവരുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളിലൊരാൾ ഹിംഗോലി ജില്ലയിലെ സ്വന്തം നാട്ടിലെത്തുകയും പൊലീസില്‍ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഹിംഗോലി പൊലീസ് ധോക്കി പൊലീസുമായി ബന്ധപ്പെടുകയും നിർദ്ദിഷ്‌ട സ്ഥലത്ത് പരിശോധന നടത്താൻ ടീമുകളെ രൂപീകരിക്കുകയും ചെയ്‌തു.
നേരിട്ടത് ക്രൂര പീഡനം : പൊലീസ് സംഘം വഖർവാഡി ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു കിണറ്റിൽ അഞ്ച് തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. തങ്ങളെ ദിവസവും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കുകയും രാത്രിയിൽ രക്ഷപ്പെടാതിരിക്കാൻ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തുവെന്ന് തൊഴിലാളികൾ മൊഴി നൽകിയതായി അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടർ ജഗദീഷ് റൗട്ട് പറഞ്ഞു.