മുംബൈ:കൊവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് മുംബൈയിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവരുന്നു. അമ്പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് നഗരത്തിലേക്ക് തിരിച്ചുവരുന്നത്. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് അധികൃതര്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിന്‍റെ തോത് വർധിപ്പിച്ചതോടെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ജോലി നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് ഹോളി ആഘോഷത്തിനും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുമായി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇവരാണ് ഇപ്പോള്‍ മടങ്ങിവരുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും മുംബൈയിലേക്കെത്തുന്നത്. കൊവിഡ് പരിശോധനകളില്ലാതെയുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടമായ തിരിച്ചുവരവ് ഗുരുതരമായ അപകടം സൃഷ്ടിക്കാനിടയുണ്ട്.