ന്യൂഡൽഹി:സോഷ്യല്‍ മീഡിയയില്‍ ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ട മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ് ഭരണകൂടം. രണ്ട് നഴ്‌സുമാര്‍ക്കെതിരെയാണ് ഭരണകൂടത്തിന്‍റെ നടപടിയുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു നഴ്‌സിനെ പുറത്താക്കി. ഒരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഡല്‍ഹിയില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത് (Kuwait Deported Malayali Nurses).
കുവൈറ്റില്‍ നിന്നും ഇരുവരെയും കേരളത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി (Kuwait Expels Malayali Nurses).
കുവൈറ്റിലെ അല്‍ സബാഹ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ അനുകൂലിച്ചാണ് ഇരുവരും വാട്‌സ്‌ആപ്പില്‍ പോസ്റ്റിട്ടത്. ഇസ്രയേല്‍ പതാക അടക്കം ചേര്‍ത്തുള്ള പോസ്റ്റാണ് പങ്കിട്ടത്. ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധത്തില്‍ ഇസ്രയേലിനെതിരെ നിലപാടെടുത്ത അറബ് രാഷ്‌ട്രമാണ് കുവൈറ്റ്. അറബ് സമൂഹം ഒന്നടങ്കം പലസ്‌തീനിനൊപ്പം നിലക്കൊള്ളുമെന്ന വാദം നിലനില്‍ക്കുമ്പോഴാണ് നഴ്‌സുമാരുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് (Malayali Nurses In Kuwait).
ഹമാസ് ഇസ്രയേല്‍ ആക്രമണം (Israel Hamas Attack):ആഴ്‌ചകള്‍ പിന്നിടുമ്പോഴും ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ കനക്കുകയാണ്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങളോളം ഗാസയില്‍ ആക്രമണം തുടര്‍ന്ന ഇസ്രയേല്‍ ഗാസയിലെ 600 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ വനിത സൈനികരെ അടക്കം ഇസ്രയേല്‍ മോചിപ്പിച്ചുവെന്നാണ് ഇസ്രയേലില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഇസ്രയേലിനോട് പൊരുതിയ ഹമാസ് സേനയെ തുരത്തിയെന്നാണ് പലസ്‌തീന്‍ അവകാശവാദമുന്നയിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ആക്രമണം തുടരുമ്പോള്‍ കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.