കേരളം

kerala

ETV Bharat / bharat

ഇത് കുർമ ഗ്രാമം; വൈദ്യുതിയോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ല, ജീവിക്കാം പ്രകൃതിയോട് ഇണങ്ങി...

ഇന്‍റർനാഷണൽ കൃഷ്‌ണ കോൺഷ്യസ്‌നെസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ച കുർമ ഗ്രാമത്തിൽ 200 വർഷം മുൻപുള്ള ഇന്ത്യൻ ഗ്രാമീണ ജീവിതരീതിയാണ് പിന്തുടരുന്നത്.

Kurma village  Kurma village in Andhra Pradesh  Village that does not use any facility  Kurma village does not use modern technology  ISKCON  കുർമ ഗ്രാമം  ആന്ധ്രാപ്രദേശിലെ കുർമ ഗ്രാമം  വൈദ്യുതിയില്ലാത്ത കുർമ ഗ്രാമം  ഗുരുകുല ജീവിതവുമായി ഒരു ഗ്രാമം  ഇന്‍റർനാഷണൽ കൃഷ്‌ണ കോൺഷ്യസ്‌നെസ് അസോസിയേഷൻ  International Society for Krishna Consciousness  കുർമ  ഇത് കുർമ ഗ്രാമം
വൈദ്യുതിയോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാത്ത കുർമ ഗ്രാമം

By

Published : Dec 17, 2022, 10:54 PM IST

വൈദ്യുതിയോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാത്ത കുർമ ഗ്രാമം

ശ്രീകാകുളം (ആന്ധ്രാപ്രദേശ്): മനുഷ്യ ജീവിതം സുഗമമാക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യ വഹിച്ച പങ്ക് ചെറുതല്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പല പുതിയ കാര്യങ്ങൾക്കും ജീവൻ നൽകിയ മനുഷ്യൻ, അവയിൽ അധിഷ്‌ഠിതമായി തന്‍റെ ജീവിതത്തെ മുൻപത്തേക്കാൾ സുഖകരമാക്കി മാറ്റി. പ്രത്യേകിച്ച് സ്‌മാർട്ട് ഫോണിന്‍റെ വരവോടെ ലോകം തന്നെ മറ്റൊരു തരത്തിൽ മാറിമറിഞ്ഞു. എന്നാൽ ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാത്ത, എന്തിനേറെ പറയുന്നു വൈദ്യുതി പോലും ഉപയോഗിക്കാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ.

കുർമ ഇങ്ങനെയാണ്:ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കുർമ ഗ്രാമമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികൾക്കനുസരിച്ചുള്ള ജീവിതം ഇപ്പോഴും പിന്തുടരുന്നത്. കാലം മാറുന്നതിനനുസരിച്ച് ശീലങ്ങളും രീതികളും മാറണം എന്ന് പറയുമ്പോഴും ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ജീവിത രീതിയാണ് കുർമ ഗ്രാമം നമുക്ക് കാട്ടിത്തരുന്നത്. വൈദ്യുതി ഉപയോഗിക്കാത്ത ഈ ഗ്രാമത്തിൽ കെട്ടിട നിർമ്മാണത്തിനായി സിമന്‍റോ, കമ്പികളോ ഉപയോഗിക്കുന്നില്ല.

വിദ്യാഭ്യാസം നൽകാൻ ഫീസും ഇവിടെ ഈടാക്കുന്നില്ല. പുരാതന ഇന്ത്യൻ ഗ്രാമീണ ജനതയുടെ ആചാരങ്ങളും ഗുരുകുലത്തിന്‍റെ ജീവിത രീതികളുമാണ് ഇന്നും ഇവിടെ പിന്തുടരുന്നത്. 200 വർഷം മുൻപുള്ള ഇന്ത്യൻ ഗ്രാമീണ ജീവിതരീതി, പാരമ്പര്യങ്ങൾ, അനുഷ്ഠാനങ്ങൾ, ഭക്ഷണശീലങ്ങൾ, വസ്‌ത്രങ്ങൾ, തൊഴിലുകൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് കുർമ ഗ്രാമം.

56 അന്തേവാസികൾ: ഇന്‍റർനാഷണൽ കൃഷ്‌ണ കോൺഷ്യസ്‌നെസ് അസോസിയേഷന്‍റെ (ISKCON) സ്ഥാപകനായ ഭക്തി വേദാന്ത സ്വാമി പ്രഭുപാദയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും ചേർന്ന് 2018 ജൂലൈയിലാണ് ഈ ഗ്രാമം സ്ഥാപിച്ചത്. വളരെ കുറച്ചുപേരുമായി തുടങ്ങിയ കുർമ ഗ്രാമത്തിൽ ഇപ്പോൾ 12 കുടുംബങ്ങളും 16 ഗുരുകുല വിദ്യാർഥികളും ആറ് ബ്രഹ്മചാരികളും ഉൾപ്പെടെ 56 പേരാണുള്ളത്.

കുർമ ഗ്രാമത്തിലെ അന്തേവാസികളെല്ലാം സമ്പന്ന കുടുംബങ്ങളിൽ ജനിച്ചു വളർന്നവരാണ്. ഉന്നത വിദ്യാഭ്യാസം ലഭിച്ച് ലക്ഷങ്ങളുടെ ശമ്പളത്തിൽ ജോലി ചെയ്‌തിരുന്നവരാണ്. എന്നാൽ യാന്ത്രിക ജീവിതം വിരസമായതോടെ എല്ലാം ഉപേക്ഷിച്ച് അവർ കുടുംബത്തോടൊപ്പം ഇവിടെ പ്രകൃതിയിൽ മുഴുകി ജീവിക്കാനെത്തുകയായിരുന്നു.

എല്ലാം ഗ്രാമീണർ തന്നെ: ലളിത ജീവിതവും ഉയർന്ന ചിന്താഗതിയുമാണ് കുർമ ഗ്രാമീണരുടെ പ്രത്യേകതകൾ. കൃഷിയാണ് പ്രധാന തൊഴിൽ. ഈ വർഷം ഗ്രാമവാസികളെല്ലാം ചേർന്ന് 198 ചാക്ക് ധാന്യമാണ് വിളവെടുത്തത്. ആവശ്യത്തിന് പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വിത്ത് നടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിലും കുർമ ഗ്രാമത്തിലുള്ളവർ മറ്റുള്ളവരെ ആശ്രയിക്കുന്നില്ല. ജൈവരീതിയിലാണ് പൂർണമായും കൃഷി ചെയ്യുന്നത്.

തങ്ങൾക്കാവശ്യമായ വസ്‌ത്രങ്ങൾ ഇവിടെ സ്വന്തമായാണ് നെയ്‌തെടുക്കുന്നത്. വീടിന്‍റെ പണികളും ഗ്രാമവാസികൾ തന്നെയാണ് ചെയ്യുന്നത്. മണൽ, നാരങ്ങ, ചുണ്ണാമ്പ്, ശർക്കര, പരിപ്പ്, കയ്‌പക്ക, ഉലുവ എന്നിവ ചേർത്ത മിശ്രിതം പ്രത്യേക രീതിയിൽ തിളപ്പിച്ച് അവ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്. നിർമാണത്തിൽ സിമന്‍റോ ഇരുമ്പോ ഉപയോഗിക്കുന്നില്ല. വൈദ്യുതി ഉപയോഗിക്കാത്തതിനാൽ വീടുകളിൽ ലൈറ്റോ ഫാനോ ഒന്നും തന്നെയില്ല.

സൗജന്യ വിദ്യാഭ്യാസം: 'വൈദ്യുതിയുണ്ടെങ്കിൽ അതിനോടൊപ്പം സൗകര്യങ്ങൾ വർധിക്കുമെന്നും ഇതിലൂടെ മനുഷ്യർ യാന്ത്രികമാകുമെന്നാണ് ആശ്രമത്തിലെ അന്തേവാസികൾ പറയുന്നത്. വർണാശ്രമ സമ്പ്രദായത്തിലാണ് കുർമ ഗ്രാമത്തിലെ വിദ്യാഭ്യാസം. വിദ്യാർഥികൾക്ക് തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ പ്രാവീണ്യം നൽകുന്നു. ഗുരുകുലത്തിൽ സൗജന്യ വിദ്യാഭ്യാസത്തിന് പുറമെ വേദ ശാസ്ത്രാധിഷ്ഠിത വിദ്യാഭ്യാസം, ശാസ്‌ത്ര പഠനം, കൃഷി, കരകൗശല വസ്‌തുക്കളുടെ നിർമ്മാണം തുടങ്ങിയവയും പഠിപ്പിക്കുന്നു.

കുർമ ഗ്രാമത്തെ കുറിച്ചറിഞ്ഞ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും, മറ്റ് രാജ്യങ്ങളിൽ നിന്നും ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്. പ്രാചീന ഗ്രാമീണ അന്തരീക്ഷവും ആത്മീയ ചിന്തയും ഇടകലർന്ന കുർമ ഗ്രാമത്തിൽ താമസിക്കാനെത്തുന്നവരും, ഇവിടെ നിന്ന് വിദ്യാഭ്യാസം നേടാനെത്തുന്നവരും നിരവധിയാണ്. ആധുനിക സൗകര്യങ്ങൾ വെടിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടിൽ സുഖമായി ജീവിക്കാൻ കഴിയുന്ന സ്വർഗമാണ് കുർമ ഗ്രാമമെന്നാണ് ഇവിടുത്തെ അന്തേവാസികളുടെ അഭിപ്രായം.

ABOUT THE AUTHOR

...view details