ന്യൂഡൽഹി : മണിപ്പൂരിൽ വംശീയ കലാപത്തിന്‍റെ (Manipur Violence) പശ്ചാത്തലത്തിൽ കുക്കി സമുദായക്കാർക്കായി പ്രത്യേക ഭൂപ്രദേശം (Separate Territory For Kukis) അനുവദിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. പുതുച്ചേരി മാതൃകയിൽ (Puducherry Model) തങ്ങൾക്കായി കേന്ദ്ര ഭരണ പ്രദേശം അനുവദിക്കണമെന്ന കുക്കി സമുദായക്കാരുടെ നീണ്ട നാളത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാർ അത്തരം സാധ്യതകൾ പരിശോധിക്കുന്നത്. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനുള്ള പരിഹാര മാർഗമെന്ന നിലയിലും ആഭ്യന്തര മന്ത്രാലയം ഇത് കണക്കാക്കുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുത്തിടെ കുക്കി - സോ സമുദായക്കാർ (kuki-zo community) നടത്തിയ കൂടിക്കാഴ്‌ചയിൽ ഇവർക്ക് കേന്ദ്രഭരണ പ്രദേശ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം മെയ് മൂന്നിനാണ് മണിപ്പൂരിൽ കുക്കി - മെയ്‌തി സമുദായക്കാർ തമ്മിൽ വംശീയ കലാപം ആരംഭിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ചുരാചന്ദ്‌പൂർ, കാങ്‌പോക്‌പി, ചന്ദേൽ, തെങ്‌നൗപൽ, ഫെർസാവൽ തുടങ്ങിയ അഞ്ച് ജില്ലകളിൽ പ്രത്യേക ഭരണം നടപ്പാക്കണമെന്ന് കുക്കി സമുദായക്കാർ ആവശ്യപ്പെട്ടത്.
മണിപ്പൂരിലെ ഏറിയ ഭൂരിഭാഗവും മെയ്‌തി സമുദായത്തിൽപ്പെട്ടവരാണ്. തങ്ങളുടെ കമ്മ്യൂണിറ്റിക്കായി പ്രത്യേക ഭരണകൂടം സൃഷ്‌ടിക്കുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നാണ് കുക്കി സമുദായത്തിന്‍റെ പക്ഷം. ന്യൂഡൽഹിയിൽ എ കെ മിശ്രയുമായാണ് ഇതിന് മുൻപ് കുക്കി - സോ സമുദായക്കാർ കൂടിക്കാഴ്‌ച നടത്തിയത്.