ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ ബിജെപി- ബിആര്‍എസ് വാക്പോര് കനക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെയും ഭരണകക്ഷിയായ ബിആര്‍എസിനെതിരെയും തൊടുത്തു വിട്ട ആരോപണങ്ങളാണ് തുടര്‍ വിവാദങ്ങള്‍ക്ക് വഴി വെക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം മുങ്ങുന്ന കപ്പലാണെന്നും ഒരു കാരണവശാലും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നും തുറന്നടിച്ച് മന്ത്രിയും ബിആര്‍എസ് വര്‍ക്കിങ്ങ് പ്രസിഡന്‍റുമായ കെ.ടി.രാമറാവു (KTR Reacts To Modi Comments On BRS BJP Alliance).
എന്‍ഡിഎയില്‍ ചേരാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സമീപിച്ചിരുന്നുവെന്നും ആ നീക്കത്തെ താന്‍ മുളയിലേ നുള്ളുകയായിരുന്നുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകന്‍ കൂടിയായ കെ.ടി രാമറാവു (KT Rama Rao) ചൂണ്ടിക്കാട്ടി.
മേയ് മാസത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ബിആര്‍എസ് സാമ്പത്തികമായി സഹായിച്ചുവെന്ന് പറയുന്ന പ്രധാനമന്ത്രി മോദി അതേ ബിആര്‍എസ് തന്നെ എന്‍ഡിഎയില്‍ ചേരാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാന്‍ കഴിയും. മോദിയെപ്പോലെ മികച്ച കഥാകാരനും തിരക്കഥാകൃത്തും വേറെയില്ല. എന്‍ഡിഎയില്‍ ചേരാന്‍ ഞങ്ങള്‍ക്ക് ഭ്രാന്തില്ല. സഖ്യകക്ഷികളൊക്കെ എന്‍ഡിഎ വിട്ടു പോകുമ്പോള്‍ എന്തു കണ്ടാണ് ബി ആര്‍ എസ് അതില്‍ ചേരേണ്ടത്. ശിവ സേന, ജനതാദള്‍ യു, തെലുഗുദേശം, അകാലിദള്‍ ഒക്കെ എന്‍ ഡി എ വിട്ടവരാണ്. ഇപ്പോള്‍ സിബിഐയും ഇഡിയും ഇന്‍കം ടാക്‌സുമൊക്കെയല്ലാതെ ആരാണ് ബിജെപിക്കൊപ്പമുള്ളത്." രാമറാവു ചോദിച്ചു.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ബി ആര്‍ എസിനെതിരെ പ്രധാനമന്ത്രി മോദി വിമര്‍ശനമുന്നയിച്ചത്. 2020 ലെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷം ചന്ദ്രശേഖര റാവു ബിആര്‍എസിനെ എന്‍ഡിഎയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മുന്‍കാല പ്രവൃത്തികള്‍ കാരണം അതിന് കഴിയില്ലെന്ന് താന്‍ മറുപടി നല്‍കുകയായിരുന്നുവെന്നുമായിരുന്നു മോദി വെളിപ്പെടുത്തിയത്.
"കെ സി ആര്‍ ചതിയനല്ല, പോരാളിയാണ്. മോദിയെപ്പോലുള്ള നേതാക്കള്‍ക്കും ബിജെപിയെപ്പോലുള്ള പാര്‍ട്ടികള്‍ക്കൊപ്പവും അദ്ദേഹം നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. താനൊഴികെ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. ബിജെപിയില്‍ ചേര്‍ന്നു കഴിയുമ്പോള്‍ മറ്റു പാര്‍ട്ടിക്കാരുടെ അഴിമതി താനേ ഇല്ലാതാവുന്ന വിദ്യ അദ്ഭുതകരമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകളൊക്കെ അദ്ദേഹം ബിജെപിയിലെത്തിയപ്പോള്‍ ആവിയായിപ്പോയി." കെ.ടി രാമറാവു ഓര്‍മിപ്പിച്ചു.
തന്നെ മുഖ്യമന്ത്രിയാക്കാന്‍ പ്രധാനമന്ത്രിയുടെ ആശീര്‍വാദം തേടി തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു പ്രധാനമന്ത്രിയെ കണ്ടുവെന്ന വെളിപ്പെടുത്തലിനേയും രാമറാവു ചോദ്യം ചെയ്‌തു. "മുഖ്യമന്ത്രി തന്നെ വന്നു കണ്ട് മകനെ മുഖ്യമന്ത്രിയാക്കാന്‍ അനുവാദം ചോദിച്ചുവെന്നാണ് മോദി പറയുന്നത്. ഞങ്ങളുടെ പാര്‍ട്ടി അങ്ങനെ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ പ്രധാനമന്ത്രിയുടെ എന്‍ ഒ സി വാങ്ങേണ്ട കാര്യമെന്താണ്.
തെലങ്കാനയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബി ആര്‍ എസ് വന്‍ വിജയം നേടും. ബി ആര്‍ എസ് സംസ്ഥാനത്ത് മൂന്നാം തവണയും അധികാരത്തിലെത്തുമ്പോള്‍ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാവും. 2018 ലെ തെരഞ്ഞെടുപ്പില്‍ 105 സീറ്റില്‍ കെട്ടി വച്ച തുക നഷ്‌ടമായ ബിജെപിക്ക് ഇത്തവണ 110 സീറ്റില്‍ കെട്ടിവച്ച കാശ് കിട്ടില്ല." മക്കള്‍ രാഷ്ട്രീയത്തെപ്പറ്റി പ്രസംഗിക്കാന്‍ ബിജെപിക്ക് യാതൊരു ധാര്‍മ്മികതയുമില്ലെന്നും രാമ റാവു കൂട്ടിച്ചേര്‍ത്തു.