സെക്കന്ദരാബാദ്: തെലങ്കാന സന്ദര്‍ശന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരിപ്പുകള്‍ കൈകൊണ്ട് എടുത്തു നല്‍കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്‌ജയ്‌ക്ക് വിമര്‍ശനം. സംസ്ഥാന ഐടി മന്ത്രി കെടിആർ ഉൾപ്പെടെയുള്ള ടിആർഎസ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ ബന്ദി സഞ്‌ജയുടെ പ്രവര്‍ത്തിയെ ആക്ഷേപിച്ചിട്ടുണ്ട്. മനുഗോഡ് സന്ദര്‍ശനത്തിന് മുമ്പ് അമിത് ഷാ സെക്കന്ദരാബാദ് മഹാങ്കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
ദർശനത്തിന് ശേഷം അമിത് ഷാ പുറത്തിറങ്ങിയപ്പോള്‍ പിന്നാലെയെത്തിയ ബന്ദി സഞ്‌ജയ്, ഷായുടെ ചെരിപ്പുകള്‍ കൈകളില്‍ എടുത്ത് കാല്‍ ചുവട്ടില്‍ വച്ചു കൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‌തു. ടിആർഎസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പ്രത്യക്ഷപ്പെട്ടു.